മനുഷ്യ ജാലിക നാളെ

കോഴിക്കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് ഇന്ത്യക്കകത്തും പുറത്തുമായി എഴുപത് കേന്ദ്രങ്ങളിൽ നാളെ – ശനി – മനുഷ്യ ജാലിക  സംഘടിപ്പിക്കും. സംഘടന പതിമൂന്നാമത് വർഷമാണ് വിപുലമായ ഈ ബഹുജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വർഗ്ഗീയതയും വിദ്വേഷവും വളർത്തി രാജ്യത്തിന്റെ മഹനീയ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ പൊതുജന ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ പൊതുതാത്പര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ തനിനിറം തുറന്ന് കാണിക്കുന്നതിന് വ്യത്യസ്തമായ പ്രചാരണ പരിപാടികൾ നടന്നു. കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങൾക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും സഊദി അറബ്യ, യു എ ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ , കുവൈത്ത് തുടങ്ങിയ മലയാളി സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലും പരിപാടികൾ നടക്കും. മനുഷ്യ ജാലികയുടെ പ്രചാരണാർത്ഥം സന്ദേശ യാത്രകൾ, പദയാത്രകൾ, സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾ, സൗഹൃദ സംഗമങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയവ പൂർത്തിയായി. ഓരോ കേന്ദ്രങ്ങളിലും സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രമേയ പ്രഭാഷണങ്ങൾ നടത്തും. രാഷ്ട്രിയ സാംസ്കാരിക ഭരണ രംഗത്തെ പ്രമുഖരും വിവിധ സമുദായ പ്രതിനിധികളും സൗഹാർദ പ്രതിനിധികളായി പരിപാടികളിൽ സംബന്ധിക്കും. ബഹുജന റാലി, ദേശീയോദ്ഗ്രഥന ഗാനാലാപനം,പ്രതിജ്ഞയെടുക്കൽ തുടങ്ങിയവ മനുഷ്യ ജാലികയിൽ നടക്കും. രാജ്യം കാതോർക്കുന്ന മഹത്തായ സന്ദേശം കൈമാറുന്ന മനുഷ്യ ജാലിക വൻ വിജയമാക്കാൻ സംഘടനാ പ്രവർത്തകരും പ്രസ്ഥാന ബന്ധുക്കളും രംഗത്തിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും അഭ്യർത്ഥിച്ചു.