ജിസിസി രാഷ്ട്രങ്ങളില്‍ നിന്ന് ഗ്ലോബല്‍ മീറ്റിനെത്തിയത് നിരവധി പേര്‍ പ്രബോധകര്‍ ആത്മീയ സംസ്കരണം നേടിയവരാകണം: തങ്ങള്‍

global meet-1
മനാമ: ജിസിസി രാഷ്ട്രങ്ങളില്‍ നിന്നെത്തിയ നിരവധി പ്രതിനിധികളുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ബഹ്റൈനില്‍ ആരംഭിച്ച ഗ്ലോബല്‍ മീറ്റിന്‍റെ പ്രഥമ സെഷനുകള്‍ ശ്രദ്ധേയമായി.
സഊദി അറേബ്യ, യു.എ.ഇ രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ എത്തിയത്. ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലെയും സമസ്തയുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പേരാണ് ഗ്ലോബല്‍ മീറ്റില്‍ പങ്കെടുത്തത്.
മനാമയിലെ സാന്‍ റോക് ഹോട്ടലില്‍ നടന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റ്  സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
പ്രബോധകര്‍ സ്വയം സംസ്കരണം നേടിയവരായിരിക്കണമെന്നും എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നേര്‍വഴി കാണിക്കാന്‍ സാധിക്കുകയുള്ലൂവെന്നും അദ്ധേഹം പറഞ്ഞു.
ഇമാം ഗസ്സാലി(റ) മത പ്രബോധകനായ ദാഇയെ സകാത്ത് നല്‍കുന്നവനോടാണ് ഉപമിച്ചത്. ദാഇയെ സകാത്ത് നല്‍കാന്‍ പ്രാപ്തനാക്കുന്ന നിസ്വാബ് അവന്‍ സ്വയം സംസ്കരണം നേടിയവനാകുക എന്നതാണ്. അപ്രകാരം സ്വയം സംസ്കരണം നേടിയവര്‍ക്ക് മാത്രമേ ഫലപ്രദമായ പ്രബോധനം സാധ്യമാവുകയുള്ളൂ.
പ്രബോധനമെന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പകരുക എന്നതാണ്. സ്വന്തമായി പ്രകാശമില്ലാത്തവന്  എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കാനാകുകയെന്നും വളഞ്ഞ മരത്തിന്‍റെ നിഴല്‍ എങ്ങിനെ നേരെയാകുമെന്നും അദ്ധേഹം ചോദിച്ചു.
മിഡിലീസ്റ്റില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എസ്.കെ.എസ്.എസ്.എഫിന് സാധിക്കുമെന്നും വര്‍ഷംതോറുമുള്ള ഗ്ലോബല്‍ മീറ്റിന്‍റെ ഈ തുടര്‍ച്ചകള്‍ അതിന്‍റെ സാധ്യതകളാണ്  വ്യക്തമാക്കുന്നതെന്നും എല്ലാ രാഷ്ട്രങ്ങളിലും ഒരു കുട പോലെ സമസ്തയുടെ നന്മയും പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.
Global meet-sadass
ചടങ്ങില്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്‍റ്  സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ കാലത്തെ പ്രബാധനങ്ങള്‍ക്കും കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും അതിന് ഗ്ലോബല്‍ മീറ്റ് വഴി തെളിയിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. വൈ.പ്രസി. കെ.എൻ.എസ്.മൗലവി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഥമ സെഷനിലെ ചര്‍ച്ചകള്‍ക്ക് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നേതൃത്വം നല്‍കി.
എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഹംസ അന്‍വരി മോളൂര്‍, അബൂബക്കര്‍ ഫൈസി, ഹംസ അന്‍വരി, അഷ്റഫ് അന്‍വരി ചേലക്കര എന്നിവരും പ്രഥമ സെഷനില്‍ സംസാരിച്ചു.