നോർത്ത് ഇന്ത്യ സർഗലയത്തിന് പ്രൗഢ പരിസമാപ്തി, ആസാം ഓവറോൾ ചാമ്പ്യന്മാർ

ബാർപേട്ട (ആസ്സാം): എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ നോർത്ത് ഇന്ത്യ സർഗലയത്തിന് പ്രൗഢ പരിസമാപ്തി. ആസാമിലെ ദാറുൽ ഹുദാ ഓഫ് ക്യാമ്പസിൽ ഫെബ്രുവരി 4, 5 തിയ്യതികളിൽ നടന്ന സർഗലയത്തിൽ ആസാം വിജയികളായി. ബീഹാർ, നോർത്ത് ബംഗാൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ സൗത് ബംഗാൾ, ബീഹാർ, ആസാം എന്നിവരും ത്വലബ വിഭാഗത്തിൽ നോർത്ത് ബംഗാൾ, ആസാം, ബീഹാർ എന്നിവരും യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന ചടങ്ങ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആസാമിലെ ബാഗ്ബർ എം.എൽ.എ ഷെർമാർ അലി അഹ്മദ് മുഖ്യാഥിതിയായി. ഗുവാഹത്തി കോട്ടൺ യൂണിഴ്സിറ്റി അറബിക് വിഭാഗം തലവൻ ഡോ. ഫസലു റഹ്മാൻ, ആസാം സംസ്ഥാന ആരോഗ്യ വിഭാഗം മുൻ ഡയറക്ടർ ഡോ. ഹാദി ഹുസ്നുൽ ഇസ്ലാം എന്നിവർ അതിഥികളായി.

സമാപന വേദിയിൽ എസ്.കെഎസ്.എസ് എഫ് സുപ്രീം കൗൺസിൽ കൺവീനർ ഡോ. ജാബിർ കെ.ടി ഹുദവി, ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സുബൈർ ഹുദവി, ദാറുൽ ഹുദാ ആസാം ഓഫ് കാമ്പസ് പ്രിൻസിപ്പൽ സയ്യിദ് മുഈനുദ്ദീൻ ഹുദവി, എസ് കെ എസ് എസ് എഫ് ദേശീയ ജോയിന്റ് സെക്രട്ടറി നസീഫ് ഹുദവി, ആസാം എസ് കെ എസ് എസ് എഫ് വൈസ് പ്രസി. സൂഫി ശഹാദത്ത് ഹുസൈൻ തുടങ്ങിവർ സംസാരിച്ചു. സമാപന സദസിന് എസ്കെഎസ്എസ്എഫ് നാഷണൽ സെക്രട്ടറി അസ്ലം ഫെെസി ബാംഗ്ലൂർ സ്വാഗതവും സർഗലയം കൺവീനർ ഷറഫുദ്ദീൻ ഹുദവി നന്ദിയും പറഞ്ഞു.

രണ്ട് ദിവസം നീണ്ട അന്തർ സംസ്ഥാന കലാമാമാങ്കത്തിൽ ആസാം, ബീഹാർ, സൗത്ത് ബംഗാൾ, നോർത്ത് ബംഗാൾ, ജാർഖണ്ഡ്, മണിപ്പൂർ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു . രണ്ട് കാറ്റഗറികളിലായി നൂറ്റമ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ചു. ആദ്യദിനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളിച്ചു നടന്ന വിളംബര റാലി ഏറെ ശ്രദ്ധേയമായിരുന്നു.