അല്ലാമാ ഫസലുൽ ഹഖ് ഖൈറാബാദി ഉറൂസ് സമാപിച്ചു.

വിമ്പർ ലിഗഞ്ച് (അന്തമാൻ ): ഇന്ത്യയിലെ അറിയപ്പെടുന്ന പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അല്ലാമാ ഫസലുൽ ഹഖ് ഖൈറാ ബാദിയുടെ 158 മത് ഉറൂസ് മുബാറക് സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ നടത്തിയ സിയാറത്തിന് മൗലാനാ അഹ് മദ് റസാഖാന്റ പൗത്രനും ആൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ അവാം പ്രസിഡന്റുമായ ശൈഖ് ഉമർ റസാഖാൻ നേതൃത്വം നൽകി. റൗളത്തുൽ ഉലൂം അറബിക് കോളേജ് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ സമസ്ത അന്തമാൻ ഘടകം പ്രസിഡന്റ് ഖാസി സുലൈമാൻ ഫൈസി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ അനുസ്മരണ പ്രഭാഷണം നടത്തി. വഹാബിസത്തിനെതിരെയും ഖാദിയാനിസത്തിനെതിരെയും ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ ജാഗ്രത വളർത്തുന്നതിൽ ഖൈറാബാദിയുടെ പങ്കു ശ്രദ്ദേയമാണെന്ന് അദ്ദേഹം പറഞ്ഞു. മത വൈജ്ഞാനിക മേഖലയിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതോടൊപ്പം മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറുമായി ചേർന്ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തുവാനും അദ്ദേഹം രംഗത്തിറങ്ങി. വിട്ടുവീഴ്ചയില്ലാത്തതും സത്യസന്ധവുമായ നിലപാടാണ് അദ്ദേഹത്തെ അന്തമാനിലേക്ക്  നാടുകടത്താൻ ബ്രിട്ടീഷ് കോടതി വിധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ.മുഹമ്മദ് മൻസൂർ ഫരീദി (ബീഹാർ), മൗലാനാ നബീൽ അഖ്തർ നവാസി, ജാവേദ് അംബർ മിസ് ബാഹി (ന്യൂ ഡൽഹി), മൗലാനാ റിസ് വാൻ ശംസി ഔറംഗാബാദ് , ഇമ്രാൻ മസ്ഹർ ബർക്കാത്തി, സഫർ അഖീർ ( ജാർഖണ്ഡ്) തുടങ്ങിയവർ പങ്കെടുത്തു.