കനോലി കനാൽ ശുചീകരണം: വിഖായ ഏറ്റെടുക്കുന്നു

കോഴിക്കോട്: നഗര പ്രതാപത്തിന്റെ ചരിത്രം പറയുന്ന കനോലി കനാൽ ശുചീകരണ ദൗത്യം എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ ഏറ്റെടുക്കുന്നു. കോഴിക്കോട് കോർപ്പറേഷനുമായി സഹകരിച്ചു കൊണ്ട് 16ന് ഞായറാഴ്ച കാലത്ത് എട്ട് മണി മുതൽ ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിൽ ആയിരം വിഖായ അക്ടീവ് മെമ്പർമാർ പങ്കാളികളാവും. നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കുണ്ടുകടവ് പാലം മുതൽ പുതിയ പാലം വരെയുള്ള ദീർഘമായ ജലാശയം പൂർണ്ണമായി ശുചീകരിക്കാൻ നഗരസഭാ വാഹനങ്ങൾ, ബോട്ടുകൾ, ഫയർ ഫോഴ്സ്, സഹചാരി ആംബുലൻസ് സർവ്വീസുകൾ, മെഡിക്കൽ ടീം തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
കാലത്ത് എട്ട് മണിക്ക് സരോവരം പാർക്ക് പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, സംഘടനാ നേതാക്കളായ മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായ്, ജലീൽ ഫൈസി അരിമ്പ്ര, സയ്യിദ് മുബശ്ശിർ തങ്ങൾ, സലാം ഫറോഖ്, സൽമാൻ ഫൈസി, ടി.പി. സുബൈർ മാസ്റ്റർ, ഒ.പി.എം. അഷ്റഫ് തുടങ്ങിയവരും നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥ പ്രമുഖരും പ്രസംഗിക്കും