കോഴിക്കോട്: തൊഴില്‍ സാധ്യതകളെയും നൈപുണ്യ വികസനത്തെയും പരസ്പരം ബന്ധപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (സി.ഡി.പി) മേഖല, ക്ലസ്റ്റര്‍, ശാഖാ സെന്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട ഉല്‍പാദക സംരംഭങ്ങളെയും നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കണം. കേരളം പോലുള്ള സ്ഥലത്ത് ഏറ്റവും അത്യാവശ്യമായ കാര്യമാണ് തൊഴില്‍ അന്വേഷകര്‍ക്ക് വഴികാട്ടുക എന്നത്. അതിനുതകുന്ന തരത്തിലുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. ഏതു തൊഴിലാണ് തെരഞ്ഞെടുക്കേണ്ടതെന്ന് കൃത്യമായി അറിയാതെ വിഷമിക്കുന്നവരാണ് അഭ്യസ്ഥവിദ്യരായ പലരും. ഇത്തരം ആളുകളെയും പഠിക്കുന്ന വിദ്യാര്‍ഥികളെയും തൊഴില്‍ ലഭ്യമാക്കുന്ന തരത്തില്‍ പരുവപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഓരോരുത്തരുടെയും യോഗ്യത അനുസരിച്ച് അവരെ യഥാര്‍ഥ തൊഴിലിടങ്ങളിലേക്ക് എത്തിക്കാന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം പോലുള്ള സംരംഭങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തൊഴിലിനും ആവശ്യമായ പരിശീലനവും നൈപുണ്യ വികസനവും കൊടുത്തു കഴിഞ്ഞാല്‍ അഭ്യസ്ഥവിദ്യരായവര്‍ തൊഴിലില്ലാതെ നില്‍ക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ കഴിയും. അത്‌കൊണ്ട് തന്നെ എസ്.കെ.എസ്.എസ്.എഫിന്റെ ഈ സംരംഭം വിജയം കാണുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ് മുഖ്യാതിഥിയായി. ബഷീർ അസ്അദി നമ്പ്രം, ഡോ. എം.അബ്ദുൽ ഖയ്യൂം സംസാരിച്ചു.