മലപ്പുറം: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണകളുണർത്തി ഒരു മാതൃകാ വിദ്യാലയം ആരംഭിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ ട്രൈസനേറിയം പദ്ധതികളുടെ ഭാഗമായാണ് ആതവനാട് പരിതി ഗവൺമെന്റ് ഹൈസ്കൂളിന് സമീപം പുതിയ സ്ഥാപനം ഉയരുന്നത്. പൊതു വിദ്യാഭ്യാസത്തോടൊപ്പം ധാർമിക ശിക്ഷണവും ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശീലനവും നൽകുന്ന വിധത്തിലാണ് സ്ഥാപനം സംവിധാനിക്കുന്നത്. ഖുർആൻ മനപാഠമാക്കിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകും. എട്ടാം ക്ലാസിലേക്ക് പ്രവേശനം നൽകുന്ന വിദ്യാർത്ഥികൾക്ക് അഞ്ച് വർഷത്തെ പാക്കേജായിട്ടാണ് താമസ സൗകര്യത്തോടെയുള്ള സ്ഥാപനം ആരംഭിക്കുന്നത്. അടുത്ത അധ്യയന വർഷം ക്ലാസ്സുകൾ ആരംഭിക്കും. തയ്യിൽ സൈതലവി ഹാജി എന്ന ഉദാരമതി സംഘടനക്ക് നൽകിയ കെട്ടിടങ്ങളടങ്ങിയ സ്ഥലത്താണ് സ്ഥാപനം ആരംഭിക്കുന്നത്.
കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിലിന്റെ സഹകരണത്തോടെ കാമ്പസിൽ നിർമ്മിക്കുന്ന സ്മാർട് ക്ലാസ്സ് റൂമിന്റെ ശിലാസ്ഥാപനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ, തയ്യിൽ സൈതലവി ഹാജി, സത്താർ പന്തലൂർ, കെ. ടി. ആസാദ്, മുനീർ ഹുദവി വിളയിൽ, അസ് ലം പാലാറ, കെ.വി ഹംസ മുസ്ലിയാർ, പി.എം റഫീഖ് അഹ് മദ്, ആഷിഖ് കുഴിപ്പുറം, ആ സ്വിഫ് ദാരിമി പുളിക്കൽ, മവാഹിബ് ആലപ്പുഴ, നിസാം കണ്ടത്തിൽ, അനീസ് ഫൈസി മാവണ്ടിയൂർ തുടങ്ങിയവർ സംബന്ധിച്ചു.