കേരളമുസ്‌ലിംകളെ കുറിച്ച് അന്താരാഷ്ട്ര അക്കാദമക് കോണ്‍ക്ലേവ് ജനുവരിയില്‍

കോഴിക്കോട് : കേരളമുസ്‌ലിംകളെ സമഗ്രമായി പഠന വിധേയമാക്കുന്ന ഇന്റര്‍നാഷ്‌നല്‍ അക്കാദമിക് കോണ്‍ക്ലേവ് ജനുവരി 3,4,5 തിയ്യതികളില്‍ മലപ്പുറത്ത് നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്  തീരുമാനിച്ചു. സംഘടനയുടെ ട്രൈസനേറിയം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു ദശകത്തോളമായി അക്കാദമിക മേഖലയില്‍ നടക്കുന്ന കേരള മുസ്‌ലംകളെ കുറിച്ച പുതുവായനകളും പുനർവായനകളും ആഴത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കും കോണ്‍ക്ലേവ്. കേരളത്തിലെയും പുറത്തെയും വിവിധ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ഇരുന്നൂറോളം ഗവേഷകര്‍ സംബന്ധിക്കും. റിസര്‍ച്ച് സ്റ്റുഡന്റ്‌സ്, അക്കാഡമീഷ്യന്‍സ്, ഗ്രന്ഥകാരന്മാര്‍, എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമായിരിക്കുമിത്.
കേരളമുസ്‌ലിംകളുടെ സംസ്‌കാരം, ഭാഷ, ബൗദ്ധിക പൈതൃകം, രാഷ്ട്രീയം തുടങ്ങിയവയെ കുറിച്ച മൗലിക പഠനങ്ങള്‍ ഇപ്പോഴും വേണ്ടവിധം പുറത്തുവന്നിട്ടില്ല. ആരോ നിര്‍മിച്ചുവെച്ച വാര്‍പ്പുമാതൃകകളിലാണ് ഇപ്പോഴും ചരിത്ര വായനകള്‍ നടക്കുന്നത്. ഇതിനപ്പുറത്തേക്കു വ്യാപരിച്ചുകിടക്കുന്നതാണ് സത്യങ്ങള്‍. പുതിയ രീതിശാസ്ത്രങ്ങളെ മുന്‍നിര്‍ത്തി അക്കാദമിക രംഗത്ത് നടക്കുന്ന പുതിയ ഗവേഷകരുടെ അന്വേഷണങ്ങള്‍ ഏറെ പ്രതീക്ഷയര്‍ഹിക്കുന്നു. അത്തരക്കാരെ സംഘടിപ്പിച്ചുകൊണ്ട് കേരളമുസ്‌ലിം ചരിത്രവും സംസ്‌കാരവും പുനര്‍വായനക്ക് വിധേയമാക്കുകയാണ് കോണ്‍ക്ലേവ്.
മൂന്നു ദിവസങ്ങളിലായി ഇരുന്നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന പ്രസ്തുത അക്കാദമിക സംഗമത്തില്‍ പേപ്പര്‍ പ്രസന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗവേഷകര്‍ ickmr@gmail.com എന്ന ഐഡിയിലേക്ക് തങ്ങളുടെ പഠനത്തിന്റെ അബ്‌സ്ട്രാക്റ്റ് നവംബര്‍ 30 നു മുമ്പായി ഇമെയില്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കോൺഗ്ലേവിൽ ശ്രോദ്ധാക്കളായി പങ്കെടുക്കുന്നവർക്ക് ഓൺലൈൻ രജിസ്ത്രേഷൻ ഉടനെ ആരംഭിക്കും. ഉപസമിതി യോഗത്തിൽ സത്താര്‍ പന്തലൂര്‍, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. ജാബിര്‍ ഹുദവി, അഡ്വ. സി.കെ. ഫൈസല്‍, ഡോ. സിറാജ് മാനന്തവാടി, മജീദ് ഒ.പി., ഡോ. ജലീല്‍ പി.കെ.എം, ഡോ. താജുദ്ദീന്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.