ചാപ്പനങ്ങാടി: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ക്ലസ്റ്റർ തലങ്ങളിൽ ജനുവരി മാസം സംഘടിപ്പിക്കുന്ന സിമ്പിയോസിസ് ടീൻ ഹബ്ബുകൾക്ക് തുടക്കമായി. സിറാജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന തല ഉൽഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കൗമാരകാലത്തെ ക്രിയാത്മകമാക്കുന്നതിലൂടെ ജീവിതം മുഴുവൻ വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിലപ്പെട്ട സമയത്തേയും ബൗദ്ധിക വികാസത്തേയും മരവിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. അറിവിന്റെ അന്വേഷണങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധത കൂടി വളർത്തിയെടുക്കുമ്പോഴാണ് വിദ്യാഭ്യാസം സഫലമാകൂവെന്ന് തങ്ങൾ ഉദ്ബോധിപ്പിച്ചു. പുതിയ ചക്രവാളങ്ങൾ കണ്ടെത്തുയെന്ന ശീർഷകത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ള ഇരുനൂറ് ടീൻ ഹബ്ബുകൾ സംസ്ഥാനത്ത് നടക്കുമെന്ന് തങ്ങൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ്സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യ പ്രഭാഷണം നടത്തി. ബി എ ഹീറോ നോട്ട് സീറോ, ആൻ ഐഡിയൽ സ്റ്റുഡന്റ് എന്നീ വിഷയങ്ങൾ യഥാക്രമം പ്രൊഫ. ഖമറുദ്ധീൻ പരപ്പിൽ, ആസിഫ് ദാരിമി പുളിക്കൽ എന്നിവർ അവതരിപ്പിച്ചു. ശാഫി മാസ്റ്റർ ആട്ടീരി, എ.പി അബ്ദുൽ കരീം ഫൈസി, പി പി മുഹമ്മദ് ഹാജി, മുസ്തഫ വള്ളുക്കുന്നൻ പ്രസംഗിച്ചു.
ഡോ.കെ .ടി ജാബിർ ഹുദവി സ്വാഗതവും ജംസുദ്ദീൻ പി എം നന്ദിയും പറഞ്ഞു. സംഘടനയുടെ മേഖലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എല്ലാ ക്ലസ്റ്റർ തലങ്ങളിലും നടക്കുന്ന പരിപാടി ജനുവരി 30 ഒന്നാം ഘട്ടം സമാപിക്കും. തുടർന്ന് ക്ലസ്റ്റർ തലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന മെന്റർ മാരുടെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിംഗിന്റെ പ്രവർത്തനങ്ങൾ നടക്കും.