കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഇന്ന് (വ്യാഴം) എസ് കെ എസ് എസ് എഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ലോകത്തിന് മുമ്പില്‍ അപമാനിച്ചു കൊണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. അന്നത്തെ പ്രധാനമന്ത്രി പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അത് നടപ്പാക്കിയില്ല.മാത്രമല്ല ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണ ആരവങ്ങള്‍ മുഴക്കി പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ് പരിവാര്‍ അക്രമികളും അവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്കുന്ന കേന്ദ്ര സര്‍ക്കാറും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്ന വിവിധ പരിപാടികള്‍ എസ് കെ എസ് എസ് എഫ് ജില്ലാ, ശാഖാ തലങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ മുതല്‍ ഭരണഘടന സംരക്ഷണ ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ വിശാലമായ കാന്‍വാസില്‍ ഒപ്പുവെക്കും. വൈകിട്ട് നടക്കുന്ന ‘ബാബ രി സ്മരണ’ പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. രാത്രി 7 മണിക്ക് ശാഖാതലങ്ങളില്‍ പ്രാര്‍ത്ഥനാ സംഗമം നടക്കും.