തിരൂര്‍: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ വിഖായ വളണ്ടിയര്‍മാര്‍ക്ക് സംഘകുടുംബത്തിന്റെ ഗ്രാന്റ് സല്യൂട്ട്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സമസ്ത നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും രക്ഷാപ്രവര്‍ത്തകരെ ആദരിക്കാന്‍ ഒരുമിച്ചത്. കേരളത്തിലെയും കര്‍ണാടകയിലെയും ദുരന്തബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. കര്‍ണാടകയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിഖായ സംഘത്തിന് എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സഹചാരി അവാര്‍ഡ് ദാനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.