കോഴിക്കോട്: സമുദായത്തില്‍ ശിഥിലീകരണത്തിന്റെയും തീവ്രവാദത്തിന്റെയും വിഷവിത്തു വിതറിയ മത പരിഷ്കരണവാദികളുടെ പൊയ്മുഖം തുറന്ന് കാണിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആരംഭിക്കുന്ന ആദര്‍ശ കാമ്പയിന് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മ സജ്ജരാകണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുജാഹിദ് പ്രസ്ഥാനം എത്തിപ്പെട്ട പ്രതിസന്ധിയെ മറികടക്കാന്‍ വിവാദങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രമാണ്. ലയന മാമാങ്കം നടത്തിയിട്ടും കുരിയാട്ടെ സമ്മേളന വേദിയില്‍ പല നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ എതിര് ഗ്രൂപ്പിനെ ഭയന്ന് കാവല്ക്കാരെ നിര്‍ത്തേണ്ടി വന്നത് ആ പ്രസ്ഥാനം എത്തിപ്പെട്ട ദുരവസ്ഥയുടെ ഉദാഹരണമാണ്.
ആദര്‍ശ ബോധത്തില്‍ അടിയുറച്ചു നില്ക്കുന്ന സംഘടന പ്രവര്‍ത്തകര്‍ ഏത് കുപ്രചാരണത്തേയും കുതന്ത്രങ്ങളേയും ആര്‍ജ്ജവത്തോടെ മറികടക്കുക തന്നെ ചെയ്യും. അത്തരക്കാരെ തിരിച്ചറിയാനും വേണ്ട വിധം കൈകാര്യം ചെയ്യാനും പ്രവര്‍ത്തകര്‍ക്കറിയാമെന്നും യോഗം ഓര്‍മിപ്പിച്ചു. ജനുവരി 11ന് നടക്കുന്ന സമസ്ത ആദര്‍ശ കാമ്പയില്‍ വന്‍ വിജയമാക്കാന്‍ യോഗം പ്രചാരണ പദ്ധതികള്‍ ആവിഷ്കരിച്ചു.അബ്ദുറഹീം ചുഴലി, മുസ്തഫ അഷ്റഫി കക്കുപടി, കെ.എന്‍.എസ്.മൗലവി, ഡോ. ടി.അബ്ദുല്‍ മജീദ്,പി.എം.റഫീഖ് അഹമ്മദ്,കുഞ്ഞാലന്‍ കുട്ടി ഫൈസി,ബഷീര്‍ ഫൈസി ദേശമംഗലം,അഹമ്മദ് ഫൈസി കക്കാട്, ടി.പി. സുബൈര്‍ മാസ്റ്റര്‍, ഡോ. കെ.ടി. ജാബിര്‍ ഹുദവി, ശഹീര്‍ വി.പി, അബ്ദുല്‍ ലത്തീഫ് പന്നിയുര്‍,
യോഗത്തില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.