‘ശംസുല്‍ ഉലമ ചെയര്‍’ പ്രഖ്യാപന സമ്മേളനവും അക്കാദമിക് വര്‍ക്ക്‌ഷോപ്പും

കോഴിക്കോട്: മത,സാംസ്‌കാരിക നവോത്ഥാന രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ചരിത്ര പുരുഷന്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ചിന്തകളും, നയരേഖാ നിലപാടുകളും, വ്യവസ്ഥാപിതമായി ക്രോഡീകരിക്കുന്നതിനും, അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ദര്‍ശനങ്ങള്‍ അക്കാദമിക സമൂഹത്തിന് സമര്‍പ്പിക്കുന്നതിനും ‘ശംസുല്‍ ഉലമാ ചെയര്‍’ വരുന്നു. വര്‍ത്തമാന കാല ഇസ്‌ലാമിക സാഹചര്യങ്ങളെ പഠിക്കുന്നതോടൊപ്പം, ചിന്താ ശേഷിയുള്ള സാംസ്‌കാരിക രംഗത്തെ സമൂഹത്തെ വാര്‍ത്തെടുക്കുന്ന സംരഭം, ഗവേഷണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തുടക്കം കുറിക്കുന്നത്.
എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിംഗ് സംസ്ഥാന സമിതി മുണ്ടക്കുളം ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ സ്ഥാപിക്കുന്ന ചെയറിന്റെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ 2018 ജനുവരി 6 ന് മുണ്ടക്കുളത്ത് നിര്‍വ്വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
ശംസുല്‍ ഉലമയുടെ മത പ്രാമാണിക രംഗം, ജീവിതം, പഠനം, ചരിത്രം, തസവ്വുഫ്, സാഹിത്യം, ദൗത്യം, നയരേഖ നിലപാടുകള്‍, എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തി, റിസേര്‍ച്ച് മേഖലയില്‍ ഉപകരിക്കുന്ന റഫന്‍സ് ഡാറ്റ ശേഖരണം, ലൈബ്രറി, ചരിത്ര മ്യൂസിയം, ജേര്‍ണല്‍ പ്രസിദ്ധീകരണം, റിസേര്‍ച്ച് ഗ്രൂപ്പ്, റിസേര്‍ച്ച് കോഴ്‌സുകള്‍, സോഷ്യല്‍ സര്‍വ്വെ, അക്കാദമിക് ലിങ്കിംഗ്, എന്നീ സംവിധാനങ്ങളാണ് ചെയറിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്നത്.
ചെയറിന്റെ ഭാഗമായി നടക്കുന്ന ‘അക്കാദമിക് വര്‍ക്ക് ഷോപ്പ് അന്റ് റിസേര്‍ച്ച് സെമിനാറില്‍’ ശംസുല്‍ ഉലമ രചിച്ച വിവിധ മൗലിദുകളെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച നടക്കും. മലേഷ്യന്‍ യൂണിവേഴ്‌സിറ്റി തസവ്വുഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ.മൂസല്‍ ഖാളിം ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, സി.ഹംസ പ്രബന്ധം അവതരിപ്പിക്കും. രജിസ്‌ട്രേഷനായി www.skssfcampuswing.com എന്ന വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847232786, 9895323984