കുവൈത്ത് സിറ്റി: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായ സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (SKSSF) സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്ലോബൽ മീറ്റ് നവംബർ 10 നു ബഹ്റൈനിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹി കള്‍ വിശദീകരിച്ചു.
ഇന്ത്യയിൽ നിന്നുള്ള സംഘടനാ നേതാക്കൾക്ക് പുറമെ സഊദി അറേബ്യ, യു. എ. ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ് റൈൻ തുടങ്ങി മലയാളി സാന്നിദ്ധ്യമുള്ള രാജ്യങ്ങളിലുള്ള സമസ്തയുടെ കീഴ്ഘടകങ്ങളായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളാണു പങ്കെടുക്കുക. വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പദ്ധതികളും സംഘടനാ ശാക്തീകരണവുമാണു ഗ്ലോബൽ മീറ്റിലെ പ്രധാന അജണ്ടകൾ. ഒരു ബഹുസ്വര സമൂഹത്തിൽ അനിവാര്യമായി നില നിൽക്കേണ്ട സാമുദായിക സൗഹൃദവും അതിനു ഭീഷണി ഉയർത്തുന്ന വർഗ്ഗീയ തീവ്രവാദ പ്രവണതകൾക്കെതിരെയുള്ള ബോധവൽക്കരണങ്ങളും വ്യാപകമാക്കാനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നില നിൽക്കുന്ന വിദ്യാഭ്യാസ സാമൂഹിക പിന്നോക്കാവസ്ഥകൾ പരിഹരിക്കുന്നതിനും പുതിയ തലമുറയെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കെത്തിക്കുന്നതിനും വേണ്ടി സംഘടന ദേശീയാടിസ്ഥാനത്തിൽ രൂപം നൽകിയ പദ്ധതികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സഊദി അറേബ്യ ഔഖാഫിന്റെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി ഹാജിമാർക്ക് സേവനം ചെയ്യുന്ന സംഘടനയുടെ സന്നദ്ധ വിഭാഗമായ ‘വിഖായ’ യുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സംഘടന മുഖ പത്രമായ ഗൾഫ് സത്യധാര മാസിക കൂടുതൽ വായനക്കാരിലേക്കെത്തിക്കുന്നതിനും ഗ്ലോബൽ മീറ്റ് പദ്ധതികൾ ആവിഷ്കരിക്കും.
നവംബർ 10 ന് വെള്ളിയാഴ്ച കാലത്ത് 9:30 ന് ബഹ്റൈനിൽ ആരംഭിക്കുന്ന ഗ്ലോബൽ മീറ്റിന് സംഘടനയുടെ അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വ കീഴ്ഘ ടകങ്ങളായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇരുപത്തി ഏഴ് സംഘടനകളുടെ പ്രതിനിധികൾ മീറ്റിൽ സംബന്ദിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നായി ഗ്ലോബൽ മീറ്റിനെത്തുന്ന പ്രതിനിധികളുടെ ഓൺലൈൻ രെജിസ്ത്രേഷനും യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ഹെൽപ് ഡെസ്കും ബഹ്റൈൻ കേന്ദ്രമായി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഗ്ലോബൽ മീറ്റിന്റെ ഭാഗമായി കുവൈത്തിൽ കുവൈത്ത് ഇസ്ലാമിക് കൗൺസിലിന്റെ കീഴിൽ സംഘടനാ ശാക്തീകരണ വാരം ആചരിച്ചുവരികയാണ്. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ നേതൃത്വം നൽകിയ വിവിധ പരിപാടികൾ കുവൈത്തിൽ നടന്നു വരുന്നു. നവംബർ 30, ഡിസംബർ 1 തീയതികളിൽ അബ്ബാസിയയിൽ മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനം നടക്കുകയാണ്. സമസ്തയുടെ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തിൽ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രസഡന്റ് ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ.സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ട്രഷറർ നാസർ കോഡൂർ.എം ഉസ്മാൻ ദാരിമി, മുഹമ്മദലി ഫൈസി, ഇസ്മായിൽ ഹുദവി, ലത്തീഫ് എടയൂർ തുടങ്ങിയവർ പങ്കെടുത്തു.