കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന തലത്തില്‍ ഒരുക്കുന്ന ഇസ്ലാമിക കലാ സാഹിത്യ മത്സരമായ സര്ഗലയങ്ങള്ക്ക് ഒരുക്കങ്ങളായി. ശാഖ, ക്ലസ്റ്റര്‍,മേഖല,ഏരിയ,ജില്ലാ തലങ്ങളില്‍ മത്സരിച്ച് വിജയപട്ടം നേടുന്ന പ്രതിഭകളാണ് സംസ്ഥാന തല മത്സരത്തിലെത്തുക.2018 ഫെബ്രുവരി 2,3,4 തീയ്യതികളില്‍ മലപ്പുറത്താണ് സംസ്ഥാന സര്‍ഗലയം നടക്കുക. ശാഖാതല മത്സരങ്ങള്‍ ഡിസംബര്‍ 10 നകം പൂര്‍ത്തിയാവും. ഡിസംബര്‍ 20 ഓടെ ക്ലസ്റ്റര്‍ തലം, 2018 ജനുവരി 10 നകം മേഖല തലം,25 നകം ജില്ലാതല മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 106 ഇനങ്ങളില്‍ പൊതുവിഭാഗം വിഖായ,ദര്‍സ് വിഭാഗം ഹിദായ ശരീഅത്ത് കോളജ് വിഭാഗം കുല്ലിയ, റഗുലര്‍ ക്യാമ്പസ് വിഭാഗം സലാമ കാറ്റഗറികളിലാണ് മത്സരങ്ങള്‍ സംവിധാനിച്ചിട്ടുള്ളത്. വിവിധ ഘടകങ്ങളിലായി 5000 പ്രതിഭകള്‍ മാറ്റുരക്കാനുള്ള വേദികളാണ് സംവിധാനിക്കുക. ഇതര സമുദായ അംഗങ്ങള്‍ക്കും ശാഖാ തലത്തില്‍ വനിതകള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മത്സരങ്ങളുടെ 11 ാമത് പതിപ്പിനാണ് ഇത്തവണ അരങ്ങുണരുന്നത്. മേഖലാ തലത്തില്‍ പഴയകാല പ്രതിഭകള്‍ക്ക് ആദരം ചടങ്ങ് സംവിധാനിച്ചിട്ടുണ്ട്.