അലയുന്നവര്‍ക്കഭയം, അശരണര്‍ക്കന്നം’ വിഖായ ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കാളികാവ്: തെരുവിലുറങ്ങുന്നവര്‍ക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടര്‍ക്കും ആശ്രയമേകാന്‍ വിഖായയും ഹിമയും കൈകോര്‍ക്കുന്നു. എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായയും ആരോരുമില്ലാത്തവര്‍ക്ക് സ്‌നേഹ പരിചരണത്തിന്റെ തണലൊരുക്കാന്‍ കാളികാവ് അടക്കാകുണ്ടില്‍ കേരളാ ഗവണ്‍മെന്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിച്ച ഹിമ കെയര്‍ ഹോമും സംയുക്തമായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിക്കാണ് തുടക്കമായത്. പൊതു സ്ഥലങ്ങള്‍, മത സ്ഥാപനങ്ങള്‍ , ആത്മീയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരാലംഭരായി കഴിയുന്നവരുടെ യഥാര്‍ത്ഥ സ്ഥിതിയെ കുറിച്ചറിയലും അര്‍ഹരായവര്‍ക്ക് പുനരധിവാസ മടക്കമുള്ള മാര്‍ഗങ്ങളിലൂടെ സാന്ത്വനമേകുകയുമാണ് ലക്ഷ്യം.പ്രാഥമിക ഘട്ടമായി വിവിധ ജില്ലകളിലെ അര്‍ഹരുടെ വിവര ശേഖരണം നടത്താന്‍ നിയുക്തരായ സന്നദ്ധ സേവകര്‍ക്കുള്ള പരിശീലന പരിപാടി എസ് കെ എസ് എസ് എഫ് സം സ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു.തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നെത്തിയ വിഖായ ലീഡേഴ്‌സാണ് ക്യാമ്പില്‍ പങ്കെടുത്തത്.ഹിമ ഓഡിറ്റോറിയത്തില്‍ നടന്ന വിജിലന്റ് 2017 സംഗമത്തില്‍ സുലൈമാന്‍ ഫൈസി മാളിയക്കല്‍ അധ്യക്ഷത വഹിച്ചു. ‘ഉദ്ദേശ്യശുദ്ധി’, ‘നമുക്കും ചിലത് ചെയ്തു തീര്‍ക്കാനുണ്ട് ‘, ‘പട്ടം പറത്തേണ്ടത് കാറ്റിനെതിരെയാണ് ‘ എന്നീ വിഷയങ്ങള്‍ സി. ഹംസ സാഹിബ്, ഫരീദ് റഹ്മാനി കാളികാവ്, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ അവതരിപ്പിച്ചു.സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, വിഖായ ചെയര്‍മാന്‍ ജലീല്‍ ഫൈസി അരിമ്പ്ര , കണ്‍വീനര്‍ സലാം ഫാറൂഖ്, സലാം ഫൈസി ഇരിങ്ങാട്ടിരി , ബഹാഉദീന്‍ ഫൈസി, സലീം റഹ്മാനി നീലാഞ്ചേരി പ്രസംഗിച്ചു

 

ആത്മീയ കേന്ദ്രങ്ങളിലെ യാചകരെ പുനരധിവസിപ്പിക്കാന്‍ സമൂഹം മുന്‍കയ്യെടുക്കണം:
സത്താര്‍ പന്തല്ലൂര്‍

കാളികാവ്: ആത്മീയ കേന്ദ്രങ്ങളില്‍ വ്യാപകമാവുന്ന യാചന അവസാനിപ്പിക്കാന്‍ സമുദായം ഉണരണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അഭിപ്രായപ്പെട്ടു.ആത്മീയ ഉല്‍ക്കര്‍ഷവും പ്രശ്‌ന പരിഹാരവും ലക്ഷ്യമാക്കി ആത്മീയ കേന്ദ്രങ്ങളിലെത്തുന്ന വിശ്വാസികളെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ വഴിയോരങ്ങളിലും സ്ഥാപന പരിസരങ്ങളിലും വ്യാപകമാവുന്ന യാചന ഇല്ലാതാക്കാനും നിര്‍ബന്ധിത സാഹചര്യത്തില്‍ തെരുവിലകപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സന്നദ്ധ സേവകരും അധികൃതരും മുന്നോട്ടിങ്ങേണ്ടതുണ്ട്. അതിന് വിഖായ നേതൃപരമായ പങ്ക് വഹിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. അടക്കാകുണ്ട് ‘ഹിമ ‘ യില്‍ സംഘടിപ്പിച്ച വിജിലന്റ 2017 വിഖായ വളണ്ടിയര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം