കോഴിക്കോട്്് : രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വര്‍ദ്ധിക്കുകയും സമൂഹത്തെ വര്‍ഗീയവത്കരിച്ചു നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുമുളള ശ്രമങ്ങള്‍ക്കെതിരെ ദേശീയോദ്ഗ്രഥന പ്രചാരണം നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു..പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ‘ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം’ എന്ന പ്രമേയത്തില്‍ ആഗസ്ത് ആദ്യവാരം മുതല്‍ രണ്ടുമാസം നീളുന്ന പ്രചാരണ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.
വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന വിധത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ക്രോഡീകരിച്ച് വസ്തുനിഷ്ഠമായ വിശദീകരണം നല്‍കുകയാണ് പ്രചാരണം ലക്ഷ്യമാക്കുന്നത്. സംഘടന ശാഖാതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയായി നാട്ടുമുറ്റം രൂപീകരിക്കും.വിദ്യാഭ്യാസം,ആരോഗ്യം,പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ യോജിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുമുറ്റം വേദിയൊരുക്കും.ആഗസ്ത് പതിനഞ്ചിനു വൈകീട്ട് നാലുമണിക്ക് സംസ്ഥാനത്തെ 150 മേഖലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിക്കും. സമുദായ സൗഹാര്‍ദത്തിന്റെ ചരിത്ര മാതൃകകളും, ഇന്നു നിലനില്‍ക്കുന്ന മാതൃകാ സ്ഥാപനങ്ങളേയും വ്യക്തികളേയും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.ജില്ലാ തലങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിവിധ സൗഹൃദാനുഭവങ്ങളുടെ രചനാമല്‍സരം നടത്തും. വിദ്വേഷ പ്രഭാഷണവും രചനയും നടത്തുന്നവരെ നേരില്‍കണ്ട് അവരുടെ വാദങ്ങളിലെ അബദ്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രചാരണ പരിപാടികള്‍ ഫലപ്രദമാക്കുന്നതിനു വേണ്ടി പ്രഭാഷകര്‍,എഴുത്തുകാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രചാര പരിപാടികളുടെ മുന്നോടിയായി പ്രത്യേക ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.യോഗത്തില്‍ ഓണംപിളളി മുഹമ്മദ് ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, കെ.എന്‍.എസ് മൗലവി, ഇബ്റാഹീം ഫൈസി ജെഡിയാര്‍, പി.എം.റഫീഖ് അഹ്മദ്, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍പൊയില്‍, ഡോ.ടി.അബ്ദുല്‍ മജീദ് കൊടക്കാട്, മമ്മുട്ടി നിസാമി തരുവണ, വി.കെ.ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, നൗഫല്‍ കുട്ടമശ്ശേരി, ഡോ.കെ.ടി.ജാബിര്‍ ഹുദവി, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, ഹാഫിള് അബ്ദുസലാം ദാരിമി കിണവക്കല്‍, ശഹീര്‍ പാപ്പിനിശ്ശേരി, താജുദ്ദീന് ദാരിമി പടന്ന, ടി.പി.സുബൈര്‍ മാസ്റ്റര്‍, ആസിഫ് ദാരിമി പുളിക്കല്‍, ആശിഖ് കുഴിപ്പുഴം ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.