കോഴിക്കോട്: സ്വമേധയാ ഇസ്ലാം സ്വീകരിച്ച ഹദിയയുടെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി പൗരാവകാശം നിഷേധിക്കുന്നതും തെറ്റായ കീഴ് വഴക്കത്തിന് തുടക്കും കുറിക്കുന്നതുമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പിതാവ് വിഷയത്തെ വൈകാരികമായി സമീപിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബുദ്ധിയും വിവേകവുമുള്ള ഒരു പെണ്‍കുട്ടി കോടതിക്ക് മുമ്പാകെ ബോധിപ്പിക്കുന്ന മൊഴി ഈ കേസില്‍ മാത്രം അവഗണിക്കുന്നത് ദുരൂഹമാണ്. വിഷയത്തെ സങ്കീര്‍ണമാകുന്നതിന് വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളെ കൊണ്ട് അന്വേഷിച്ച് തെളിയിക്കേണ്ടതുമാണ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരു പെണ്‍കുട്ടി തന്റെ ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പില്‍ പറഞ്ഞ മൊഴി നിരാകരിക്കുന്നത് സാമാന്യ നീതിക്കെതിരാണ്.
ഹദിയക്ക് നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കാന്‍ നിയമവിധേയമായ മാര്‍ഗങ്ങള്‍ സംഘടന ആലോചിക്കാന്‍ യോഗം തീരുമാനിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്ഥഫ അഷ്റഫി കക്കുപ്പടി, ഡോ. അബ്ദുല്‍ മജീദ്, പി.എം. റഫീഖ് അഹമ്മദ്, അബ്ദുസ്സലാം ദാരിമി, വി.കെ.എച്ച് റശീദ് മാസ്റ്റര്‍, കുഞ്ഞാല്‍ കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പങ്കെടുത്തു.ജന സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.