ഇസ്ലാമിക ശരീഅത്ത് ഃ വിട്ട് വീഴ്ചക്ക് സമൂഹം തയ്യാറല്ല. മൗലാനാ മുഹമ്മദ് റാബിഅ് നദ്വി
പെരിന്തല്‍മണ്ണ : മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം തീര്‍ത്ത് ജാമിഅ: നൂരിയ്യ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. 207 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ചര പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 6530 ആയി ഉയര്‍ന്നു.
സമാപന സമ്മേളനം മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ മുഹമ്മദ് റാബിഅ് അല്‍ ഹസനി നദ്വി ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കല്‍ ഭരണഘടനാപരമായ അവകാശമാണ്. ഇതില്‍ ഒരു വിട്ട് വീഴ്ചക്കും സമൂഹം തയ്യാറല്ല. ഇസ്ലാമിക ശരീഅത്ത് ദൈവികമാണ്. സമൂദായത്തിനെതിരെ ശരീഅത്തിന്റെ പേരില്‍ പറയുന്ന ആരോപണങ്ങള്‍ വ്യാജമാണ്. അത് തിരുത്താന്‍ സമുദായ സംഘടനകളും ശ്രമിക്കുന്നുണ്ട്. അത് ഇനിയും ഉയര്‍ത്തി കൊണ്ട് വരണം. മുസ്ലിംകള് ഓരോരുത്തരും ഇസ്ലാമിക ശരീഅത്ത് ജീവിതത്തില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും വേണം. ഇതില്‍ സമസ്തയെ പോലുള്ള സംഘടനകളുടെയും ജാമിഅ പോലുള്ള സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ശ്ലാഖനീയമാണ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഭരണകൂട ഭീകരതക്കെതിരെ നാം മുന്നോട്ട് വരേണ്ട സമയമാണിത്. മതേതര വിശ്വാസികളെല്ലാം ഒത്ത് ചേര്‍ന്ന് രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് സംവിധാനങ്ങളെ ചെറുക്കേണ്ടതുണ്ട്. നമ്മുടെ രാജ്യവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയുടെ പേരില്‍ മുസ്ലിം ചെറുപ്പക്കാര്‍ തുല്യതയില്ലാത്ത പീഡനങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. എല്ലാവരും ഐക്യപ്പെട്ടുകൊണ്ട് നമ്മുടെ രാജ്യത്തും ലോകം മുഴുക്കെയും ശാന്തിയും സമാധാനവും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. സഈദ് അബ്ദുല്ല ഹാരിബ് മുഖ്യാതിഥിയായിരുന്നു. ലോകത്ത് അസഹിഷ്ണുതയുടെ വിത്ത് പാകിയത് ജൂതലോബിയാണ്. പശ്ചിമേഷ്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇന്ന് കണ്ട് വരുന്ന അസമാധാനത്തിന്റെ അടിവേര് ചെന്നെത്തുന്നത് സയണിസത്തിലേക്ക് തന്നെയാണ്. സഹിഷ്ണുതയാണ് ഇസ്ലാമിന്റെ മുഖമുദ്ര. ഇതര മതങ്ങളെയും സംസ്കാരങ്ങളെയും ആദരവോടെ സമീപിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം നിലനിര്‍ത്താനുമാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ആശയ വിനിമയം ഉറപ്പു വരുത്തണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് സനദ്ദാന പ്രസംഗം നടത്തി.
മസ്കത്ത് സുന്നി സെന്റര്‍ അവാര്‍ഡ്, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് നല്കുന്ന ശിഹാബ് തങ്ങള്‍ എന്നിവ വിതരണം ചെയ്തു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര്, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, കൊയ്യോട് ഉമര്‍ മുസ്ലിയാര്, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിതങ്ങള്‍, പി. കുഞ്ഞാണി മുസ്ലിയാര്, എം.പി അബ്ദുസ്സമദ് സമദാനി, മഞ്ഞളാംകുഴി അലി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം. ഉമര്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, വി. മോയിമോന്‍ ഹാജി മുക്കം സംസാരിച്ചു.