എഴുത്തുകാരുടെ പ്രതിഷേധം പുത്തന്‍ പ്രതീക്ഷ – ഇ.ടി
കോഴിക്കോട് : രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കും, അരക്ഷിതാവസ്ഥ വിതറുന്ന ഐ.എസ് തീവ്രവാദത്തിനും പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ‘മതം മതേതര ഇന്ത്യക്ക് ‘ എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഫാഷിസത്തിനെതിരേ എഴുത്തുകാരും സാംസ്കാരിക നായകന്മാരും നടത്തുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും മതേതര സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. അടിയന്തരാവസ്ഥ കാലത്തുപോലും പ്രതികരിക്കാന്‍ തയ്യാറാവാത്ത എഴുത്തുകാര്‍ ഭരണകൂട ഭീകരതക്കെതിരേ പ്രതികരിക്കുന്നത് രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണി തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ആശീര്‍വാദത്തോടെയാണ് ഐ.എസ് രംഗപ്രവേശനം ചെയ്തതെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫ. എ.കെ രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. സലഫി ആശയങ്ങള്‍ ഐ. എസിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫലസ്തീന് പ്രശ്നം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ജനശ്രദ്ധയില്‍ നിന്നകറ്റാന്‍ ഇവരുടെ സാന്നിധ്യം കാരണമായതാണ് ഐ.എസിന്റെ വരവില്‍ ഇസ്രാഈല്‍ സന്തോഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി.എം. സ്വാദിഖലി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ഫൈസി കൂടത്തായി, അഡ്വ. സി.കെ ഫൈസല്‍, സ്വാദിഖ് ഫൈസി താനൂര്‍, സത്താര്‍ പന്തലൂര്‍, അഹമ്മദ് ഫൈസി കക്കാട്, സിദ്ദീഖ് ഫൈസി വെണ്മണല്, മുസ്തഫ അഷ്റഫി കക്കുപ്പടി എന്നിവര്‍ പ്രസംഗിച്ചു. ഡോ. കെ.ടി. ജാബിര്‍ ഹുദവി സ്വാഗതവും പ്രഫ. ടി. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
3.