കോഴിക്കോട്: എസ് കെ എസ് എസ് എഫിൻ്റെ ആതുര സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളിൽ പ്രവർത്തിച്ച് വരുന്ന സഹചാരി സെൻ്ററുകളിൽ വിഖായ ദിനമായ ഇന്ന് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കും. 2016 ലെ വിഖായ ദിനത്തിൽ ആരംഭിച്ച സഹചാരി സെൻ്ററുകൾ അഞ്ഞൂറോളം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു വരികയാണ്. കിടപ്പിലായ രോഗികൾക്കുള്ള പരിചരണം, മരുന്നുവിതരണം, ഫിസിയോ തെറാപ്പി സെൻ്റർ, മിനി ക്ലിനിക്, പ്രാഥമിക ശുശ്രൂഷകൾ, വളണ്ടിയർ സേവനം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളിൽ നടന്നു വരുന്നുണ്ട്. വാർഷികത്തിൻ്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളിൽ വിഖായ വളണ്ടിയർമാരുടെ നേതൃത്വത്തിൽ രോഗീപരിചരണം, വിദ്യാലയങ്ങളുടെ ശുചീകരണം, സർക്കാർ ആശുപത്രികളിലേക്ക് ഉപഹാര സമർപ്പണം, അണു നശീകരണം,
റോഡ് നിർമ്മാണം, മേഖലാ തല വിഖായ വളണ്ടിയർ മീറ്റ്,
രക്തദാനം, കോവിഡ് മൃതദേഹ സംസ്കരണത്തിന് നേതൃത്വം നൽകിയവർക്ക് ആദരം തുടങ്ങിയ പരിപാടികൾ നടക്കും.
സഹചാരി സെൻ്ററുകളുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും അതിനു വേണ്ട പരിശീലനങ്ങൾ നൽകുന്നതിനും സഹചാരി സെൻ്റർ കോ-ഓർഡിനേറ്റർമാരുടെ സംസ്ഥാന തല സംഗമം ഒക്ടോബർ 13 ന് ബുധനാഴ്ച തിരൂരിൽ നടക്കും.
വിഖായ ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ശനി) രാവിലെ 11 മണിക്ക് തൃശൂർ ജില്ലയിലെ ദേശമംഗലത്ത് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തലൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജയരാജ്, യു. ആർ പ്രദീപ്, കെ. എസ് ഹംസ, ബശീർ ഫൈസി ദേശമംഗലം, ടി.എസ് മമ്മി , ഷഹീർ ദേശമംഗലം സംബന്ധിക്കും