സഹചാരി ഫണ്ട് ശേഖരണം ഏപ്രിൽ 16ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിൻ്റെ ഈ വർഷത്തെ ഫണ്ട് ശേഖരണം ഏപ്രിൽ 16ന് വെള്ളിയാഴ്ച നടക്കും. കഴിഞ്ഞ പതിനഞ്ച് വർഷമായി റമളാനിലെ ആദ്യ വെള്ളിയാഴ്ചകളിൽ  പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന ഫണ്ട് ശേഖരണത്തിലൂടെയാണ്  ആയിരക്കണക്കിന് നിർധന രോഗികൾക്ക് സാമ്പത്തിക സഹായത്തിനുള്ള തുക കണ്ടെത്തി വരുന്നത്. കഴിഞ്ഞ വർഷം മാത്രം 770 ഡയാലിസിസ് ചെയ്യുന്ന രോഗികള്‍, 747 കാന്‍സര്‍ രോഗികള്‍, 981 ഹൃദ്രോഗികള്‍,294 റോഡപകടങ്ങളില്‍ പരിക്ക് പറ്റിയവര്‍, 628 മറ്റു രോഗികള്‍ എന്നിവർക്ക് സാമ്പത്തിക സഹായം നൽകി.

കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രയാസത്തിലായ 1044 കിഡ്‌നി രോഗികള്‍ക്ക് പ്രത്യേക ധനസഹായം അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ രോഗികളായ 97 പ്രവാസികള്‍ക്കും സഹചാരി ധനസഹായം നല്‍കി.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യുന്ന വിഖായ വളണ്ടിയര്‍മാര്‍ മുഖേന സ്ഥിരമായി നിര്‍ധന രോഗികള്‍ക്ക് മരുന്നു വിതരണം നടത്തുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട, ഡയാലിസിസ് ചെയ്യുന്ന നൂറ് രോഗികള്‍ക്കും സ്ഥിരമായി ധന സഹായം നല്‍കി വരുന്നു.ഇപ്പോള്‍ 1000 കാന്‍സര്‍ രോഗികള്‍ക്ക് നൽകുന്ന പ്രത്യേക ധന സഹായത്തിനുള്ള അപേക്ഷ സ്വീകരിച്ച് വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സഹചാരി സെൻ്റർ ഏപ്രിൽ 21ന് പ്രവർത്തനമാരംഭിക്കും. അടുത്ത വർഷം മാവൂർ എം.വി.ആർ കാൻസർ സെൻ്റർ, തിരുവനന്തപുരം ആർ സി സി എന്നിവിടങ്ങളിലും സഹചാരി സെൻ്റർ സ്ഥാപിക്കാനൊരുങ്ങുകയാണ്.ഈ വർഷത്തെ ഫണ്ട് ശേഖരണം ഏപ്രിൽ 16ന് പള്ളികളിൽ വെച്ചും വ്യക്തികളെ സമീപിച്ചും വാട്ട്സ് ആപ്പ് കൂട്ടായ്മകളിലൂടെയും നടക്കും. പദ്ധതി വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡൻ്റ്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.