ബാംഗ്ലൂര്‍ : സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുകയും ജാതിയുടെയും മതത്തിന്റെയും പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നിടത്തോളം സാമൂഹിക നീതി ഉറപ്പു വരുത്താന്‍ സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വ. ജനറല്‍ അഡ്വ. സഫരിയാബ് ജീലാനി പറഞ്ഞു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സാമൂഹിക നീതി എന്ന വിഷയത്തില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമൂഹിക നീതി ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. മുസ്‍ലിംകളുടെ സാമൂഹികാവസ്ഥ വളരെ ശോചനീയമാണെന്ന് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ രാഷ്ട്രീയ മാറ്റത്തില്‍ നിരാശരാകുന്നതിനു പകരം ഐക്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ മുസ്‍ലിംകള്‍ക്ക് ആവുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം അഹ്‍മദ് ഫൈസി കക്കാട്, മാധ്യമം സബ് എഡിറ്റര്‍ മുനീര്‍ ഹുദവി മാവൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. നൌഷാദ് അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അസ്‍ലം ഫൈസി, സെക്രട്ടറി ജുനൈദ് കുണ്ണോത്ത്, എസ് വൈ എസ് ബാംഗ്ലൂര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊയ്യൊട്, മറ്റു ഭാരവാഹികളായ ലത്തീഫ് ഹാജി, സിദ്ധീഖ് തങ്ങള്‍, നാസര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി എന്നിവര്‍ പ്രസംഗിച്ചു.