സംവരണ അട്ടിമറി: സമസ്ത ഒപ്പ് ശേഖരണം വിജയിപ്പിക്കും

കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരെ സമസ്ത സംവരണ സംരക്ഷണ സമിതി നടത്തുന്ന ഒപ്പ് ശേഖരണം വൻ വിജയമാക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
കേരള സർക്കാരിന് പത്ത് ലക്ഷം ആളുകൾ ഒപ്പിട്ട് സമർപ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പുശേഖരണമാണ് അടുത്ത വെള്ളിയാഴ്ച സംസ്ഥാനത്തെ പള്ളികളിൽ നടക്കുക. അന്നേ ദിവസം ഓരോ പള്ളികളുടെ മുമ്പിലും ബാനറോട് കൂടിയ കൗണ്ടർ കാലത്ത് 10 മണി മുതൽ പ്രവർത്തിക്കുന്നതാണ്. കൊവിഡ് പ്രശ്നം കാരണം പള്ളിയിൽ വരാത്തവരിൽ നിന്നും പരമാവധി ഒപ്പുകൾ ശേഖരിക്കും. ഓരോ മഹല്ലിൽ നിന്നും ശേഖരിക്കുന്ന ഒപ്പുകൾ ശാഖാ കമ്മറ്റികൾ നവം: 14 ന് ക്ലസ്റ്ററിനെയും 15 ന് ക്ലസ്റ്റർ കമ്മിറ്റി മേഖല കമ്മറ്റികളെയും 16 ന് മേഖലാ കമ്മറ്റികൾ ജില്ലാ കമ്മിറ്റികളെയും ഏൽപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ എല്ലാ കാറ്റഗറികളിലും മുസ്ലിംകൾക്ക് 12 ശതമാനം സംവരണം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുക, റിസർവേഷൻ ബാക്ക് ലോഗ് നികത്തുക, പിന്നോക്ക വിഭാഗങ്ങൾക്ക്
ജനസംഖ്യാനുപാതികമായി സംവരണമേർപ്പെടുത്തുക, റിസർവേഷൻ റോസ്റ്റർ-റൊട്ടേഷൻ സംവിധാനങ്ങൾ കുറ്റമറ്റതാക്കുക, സംവരണാനുപാതം പുനർനിർണ്ണയിക്കുന്നതിന് വേണ്ടി 1993 മുതൽ നടത്തേണ്ടിയിരുന്ന സർവ്വെ  യഥാവിധി നടത്തുകയും സംവരണക്വാട്ട പുനർനിർണ്ണയം നടത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒപ്പ് ശേഖരണം നടത്തുക.
സയ്യിദ് ഫഖ്റുദ്ധീൻതങ്ങൾ കണ്ണന്തളി ഹബീബ് ഫൈസി കൊട്ടോപാടം ആഷിക് കുഴിപ്പുറം ടിപി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ എം എ ജലീൽ ഫൈസി അരിമ്പ്ര ഒ പി എം അഷ്റഫ് ഡോ അബ്ദുൽ മജീദ് കൊടക്കാട് ശുഹൈബ് നിസാമി നീലഗിരി ശഹീർ അൻവരി പുറങ്ങ് ഫൈസൽ ഫൈസി മടവൂർ സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ മുഹമ്മദ് ഫൈസി കജ ഷമീർ ഫൈസി ഒടമല
സി ടി അബ്ദുൽ ജലീൽ പട്ടർകുളം എന്നിവർ സംബന്ധിച്ചു. ജന സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും താജുദ്ധീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു