കോഴിക്കോട് :ബിരുദ വിദ്യാർത്ഥികൾക്കായി എസ്,കെ, എസ്, എസ്,എഫ് ട്രെന്റ് സംസ്ഥാന സമിതി വിഭാവനം ചെയ്ത സ്പെയ്സ് പദ്ധതിയുടെ ഗ്രാൻറ്റ് ഫിനാലെ ഒക്ടോബർ 30,31 തീയ്യതികളിലായി വിവിധ പരിപാടികളോട് കൂടി സമാപിച്ചു. നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 11 ജില്ലകളിൽ നിന്നുള്ള അമ്പത് മേഖലകളിലെ 810 വിദ്യാർത്ഥികളാണ് കോഴ്സ് വിജയകരമായി പൂർത്തീകരിച്ചത്. ഒരു മാസം നീണ്ടു നിന്ന കോഴ്സിൽ ജീവിത നൈപുണി പരിശീലനവും മത്സര പരീക്ഷകളിലെ വിഷയ സംബന്ധമായ ക്ളാസ്സുകളുമാണ് പ്രധാനമായും നടന്നത്. ട്രെന്റ് റിസോഴ്സ് ബാങ്കിലെ ട്രൈനർമാരാണ് ക്ലാസുകൾക്ക് നേത്യത്വം നൽകിയത്.
രണ്ട് ദിവസമായി നടന്ന ഗ്രാൻറ്റ് ഫിനാലയിൽ ഒക്ടോബർ 30 ന് രാവിലെ 7 മണിക്ക് പദ്ധതി പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കായി പൂർണമായും പി.എസ്.സി രൂപത്തിൽ മാതൃക മത്സര പരീക്ഷ നടത്തി. തുടർന്ന് ട്രെൻ്റ് സ്ഥാപക ഡയറക്ടർ എസ്.വി മുഹമ്മദലി മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ഇ മുഹമ്മദ് റാഫി മത്സര പരീക്ഷകൾക്കൊരാമുഖം എന്ന സെഷൻ അവതരിപ്പിച്ചു.
ഒക്ടോബർ 31ന് നടന്ന സമാപന സെഷനിൽ എസ്,കെ, എസ്, എസ്,എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മാതൃക പരീക്ഷയിലെ റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു. തുടർന്ന് സ്പെയ്സ് പദ്ധതിയുടെ ഭാഗമായ മേഖലക്കും, മേഖല കോഡിനേറ്റർക്കും, വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.സംസ്ഥാന ട്രെന്റ് ചെയർമാൻ റഷീദ് കൊടിയൂറ ജീവിത നൈപുണികളെ കുറിച്ചുള്ള ക്ലാസിന് നേത്യത്വം നൽകി. രണ്ട് ദിവസങ്ങളിലായി സ്പെയ്സ് കോർഡിനേറ്റർ കെ.കെ മുനീർ വാണിമേൽ, ഡോ: മജീദ് കൊടക്കാട്, ഡോ: അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റർ ആട്ടീരി, സിദ്ദീഖുൽ അക്ബർ വാഫി, എസ് കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.