കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തും ഗൾഫ് നാടുകളിലും മീലാദ് കാമ്പയിൻ പരിപാടികൾ ആരംഭിച്ചു. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം എന്നതാണ് ഈ വർഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ആഘോഷ പരിപാടികൾക്ക് സംഘടനയുടെ വിവിധ വിംഗുകളാണ് നേതൃത്വം നൽകുക. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ആദ്യവാരത്തിൽ നടത്തുന്ന ലൈവ് പ്രോഗ്രാമായ ‘തിരുസായാഹ്നം’ പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖർ പ്രവാചക സ്മൃതികൾ പങ്ക് വെക്കും. ഇസ്തിഖാമയുടെ നേതൃത്വത്തിൽ
മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം നടക്കും. മൗലിദ് സംബന്ധമായ ടേബ്ൾ ടോക് സംശയ നിവാരണത്തോടു കൂടി നടന്നു വരികയാണ്. ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ‘ഞാനറിഞ്ഞ പ്രവാചകൻ’ എന്ന വിഷയത്തിൽ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങൾ വരും ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സർഗലയയുടെ നേതൃത്വത്തിൽ
മൗലിദ് പാരായണം അർത്ഥവും വ്യാഖ്യാനവുമുള്ള വീഡിയോ ലോഞ്ചിംഗ് നടക്കും. പ്രവാചക ജീവിതത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കുള്ള സ്പ്രിംഗ് – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ – സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം നടക്കും.
താജ്ദാരെ ഹറം
ക്യാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്ലാസുകൾ പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ ഉൽഘാടനം ചെയ്തു. പ്രമുഖരായ പതിനേഴ് ഫാക്കൽറ്റികളെ അണിനിരത്തിക്കൊണ്ട് പ്രവാചക ജീവിതത്തിലെയും അവിടുത്തെ ഉപദേശങ്ങളെയും വൈവിധ്യമായ വിഷയങ്ങളാക്കി തിരിച്ചു കൊണ്ടാണ് ക്ലാസുകൾ നടക്കുന്നത്. മുഴുവൻ ദിവസങ്ങളിലും കൃത്യമായി സെഷനുകൾ അറ്റൻഡ് ചെയ്യുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകും. ഓരോ ദിവസത്തെയും വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ്സ് കഴിഞ്ഞയുടൻ ക്വിസ് സെഷനുകളും വിജയികൾക്ക് ഉപഹാരങ്ങളും നൽകും.
കാമ്പയിൻ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോൺഫറൻസും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. മേഖല തലങ്ങളിൽ മദീന പാഷനും ശാഖാ തലങ്ങളിൽ ത്വലബ വിംഗിന്റെ നേതൃത്വത്തിൽ ഓൺലൈൻ മദീനാ പാഷൻ, മീലാദ് സന്ദേശം, ബുർദ പാരായണം, മദ്ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും.
കാമ്പയിൻ പരിപാടികൾ വൻവിജയമാക്കാൻ പ്രവർത്തകർ കർമ സജ്ജരാവണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.