തീവ്രവാദ സംഘടനകളുടെ ഗൂഢ നീക്കങ്ങളെ തുറന്ന് കാണിക്കും : SKSSF

കോഴിക്കോട് : വിവിധ സാമൂഹിക പ്രശ്നങ്ങളിൽ അവിവേകപരമായും സംഘടനാ സ്വാർത്ഥതക്കും വേണ്ടി സമുദായത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തണമെന്ന് എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എൻ.ഡി.എഫ് രൂപീകരണം മുതൽ അവരുടെ ഓരോ നീക്കങ്ങളും മുസ് ലിം സമുദായത്തെ തെറ്റുദ്ധരിപ്പിക്കുന്നതും വർഗ്ഗീയ ശക്തികൾക്ക് കരുത്തു പകരുന്നതും മാത്രമാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകളെ പ്രതിരോധിക്കാനെന്ന വ്യാജേന മുസ് ലിംകളുടെ സംരക്ഷകരായി രംഗത്ത് വരുന്ന എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളുടെ പ്രവർത്തനങ്ങൾ മത ധ്രുവീകരണത്തിന് മാത്രം സഹായകമാവുന്നതാണ്.
പാലത്തായി നടന്ന ദാരുണമായ സംഭവത്തിൽ പോലും കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന് രക്ഷപ്പെടാൻ അവസരമുണ്ടാക്കിയെന്നത് ഇവരുടെ മനുഷ്യത്വ വിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. സമൂഹത്തിൽ വളർന്ന് വരുന്ന സാമൂഹികവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം ചെയ്തികളെ സംഘടന തുറന്ന് കാണിക്കുക തന്നെ ചെയ്യും. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതും സംഘടനാ ഭാരവാഹികൾക്കെതിരെ ഭീഷണിയുയർത്തുന്നതും അവരുടെ മനോനിലയാണ് വ്യക്തമാക്കുന്നത്. തുടർന്നും ഇത്തരം സംഘടനകളുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ തുറന്ന് കാണിച്ചു മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു. പാലത്തായിയിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കാൻ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ബാഹ്യ ഇടപെടൽ നടന്നത് മറയാക്കി സർക്കാറിനും പോലീസിനും ഇക്കാര്യത്തിൽ  നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഫൈസല്‍ ഫൈസി മടവൂര്‍,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ബശീര്‍ ഫൈസി മാണിയൂര്‍,മുഹമ്മദ് ഫൈസി കജ,ഷമീര്‍ ഫൈസി ഒടമല,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.