കേന്ദ്ര സര്‍ക്കാറിന്റെ വിദ്വേഷ നടപടികള്‍ക്കെതിരെ SKSSF കാമ്പയിന്‍

പ്രധാനമന്ത്രിക്ക് 10 ലക്ഷം ഇമെയില്‍ പരാതികള്‍ അയക്കും
കോഴിക്കോട് : കോവിഡ് ബാധിച്ച് മനുഷ്യര്‍ മരിച്ച് വീഴുമ്പോഴും വിദ്വേഷ രാഷ്ട്രീയത്തിന്റെ നീചമായ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മനുഷ്യത്വപരമായ വഴികളിലേക്ക് തിരിച്ച് വരണമെന്നാവശ്യപ്പെട്ട് വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പൗരത്വ സമരത്തിന്റെയും ഡല്‍ഹി കലാപത്തിന്റെയും മറപിടിച്ച് തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും ജയിലിലടക്കാനും ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. യു എ പി എ പോലുള്ള കരിനിയമങ്ങളെ അസ്ഥാനത്ത് ഉപയോഗിച്ച് ഭരണകൂട ഭീകരത ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ട് സംഘടന പ്രതിഷേധ പരിപാടികള്‍ നടത്തും. പ്രധാനമന്ത്രിക്ക് 10 ലക്ഷം ഇമെയില്‍ പരാതികളയക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് (ബുധന്‍) നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എം പി മാര്‍, എം എല്‍ എ മാര്‍ മറ്റു ജനപ്രതിനിധികള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കള്‍ എന്നിവര്‍ വിവിധ ഘടകങ്ങളുടെ ഇമെയില്‍ പരാതി അയക്കുന്നതിന്റെ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കും.
എട്ടിന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സംഘടനയുടെ എല്ലാ ശാഖാതലങ്ങളിലും ഹോം പ്രൊട്ടസ്റ്റ് നടത്തും. വീടുകളില്‍ നാല് പേര്‍ സാമുഹ്യ അകലം പാലിച്ച് പ്രതിഷേധ സൂചകമായി കറുത്ത മാസ്‌ക് ധരിച്ച് പ്ലക്കാഡുമായാണ് പരിപാടി നടത്തുക. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ പ്രതിഷേധ ഫോട്ടോ ആല്‍ബം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. കാമ്പയിന്റെ ഭാഗമായി പ്രമുഖരുടെ ഫെയ്‌സ് ബുക്ക് ലൈവ്, പോസ്റ്റര്‍ പ്രചരണം തുടങ്ങിയവ നടക്കും. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.റശീദ് ഫൈസി വെള്ളായിക്കോട,് ബശീര്‍ ഫൈസി ദേശമംഗലം ,ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ആഷിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കോഴിക്കോട്, ജലീല്‍ ഫൈസി അരിമ്പ്ര,സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്,ശഹീര്‍ പാപ്പിനിശ്ശേരി, ഫൈസല്‍ ഫൈസി മടവൂര്‍ , ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ ദേശമംഗലം,ഡോ അബ്ദുല്‍ മജീദ് കൊടക്കാട്, ജലീല്‍ പട്ടര്‍കുളം,ബഷീര്‍ ഫൈസി മാണിയൂര്‍, ബശീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ,നാസിഹ് മുസ്‌ലിയാര്‍ ലക്ഷ്വദ്വീപ്,നിയാസ് എറണാകുളം, മുഹമ്മദ് ഫൈസി കജ,ശമീര്‍ ഫൈസിഒടമല,അയ്യൂബ് മുട്ടില്‍,ഖാസിം ദാരിമി ദ.കന്നഡ എന്നിവര്‍ സംബന്ധിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു

എസ് കെ എസ് എസ് എഫ് പ്രതിഷേധം വിജയിപ്പിക്കുക : സമസ്ത

ഡല്‍ഹിയിലെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്‍ വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആഹ്വാനം ചെയ്തു. ഇത്തരം വിദ്വേഷ നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇമെയില്‍ പരാതികളയക്കുന്ന പ്രതിഷേധ പരിപാടിയില്‍ എല്ലാവരും പങ്കാളികളാവണമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.