കോഴിക്കോട്: ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് ദ്വീപുകൾ ഉൾകൊള്ളുന്ന ഒരു കൊച്ചു രാജ്യമാണ് മാലിദ്വീപ് . നാലു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, ആയിരത്തി ഇരുന്നൂറോളം ദ്വീപുകളായി ചിതറിക്കിടക്കുന്ന ഈ രാജ്യത്ത് അയ്യായിരത്തോളം മലയാളികളും അതിന്റെ എത്രയോ ഇരട്ടി മറ്റ് ഇന്ത്യക്കാരും ഉണ്ട്. മിക്കവരും അദ്ധ്യാപകരും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമാണ്.
കഴിഞ്ഞ ആഴ്ച്ച വരെ കോവിഡ് ആക്രമണം വലിയ രീതിയിൽ ബാധിക്കാത്ത മാലിദ്വീപിലെ ഇന്നത്തെ അവസ്ഥ ഭീതിജനകമാണ്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം രാജ്യ തലസ്ഥാനമായ മാലെ സിറ്റിയിലാണ്. അവിടെയാണ് നാല് ദിവസ്സം മുമ്പ് ഒരാൾക്ക് കോവിഡ് ബാധയുണ്ടായത്. മുമ്പും ഇത് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അത് ഒറ്റപ്പെട്ട് കിടക്കുന്ന ടൂറിസ്റ്റ് ദ്വീപുകളിൽ മാത്രമായിരുന്നു. ഇന്ന് മൊത്തം ബാധിതരുടെ എണ്ണം അമ്പത് കഴിഞ്ഞു. ഓരോ ദിവസവും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. ബാധിതനായ ആൾക്ക് രോഗം എവിടെ നിന്ന് ലഭിച്ചു എന്ന് കണ്ടെത്താൻ സാധിക്കാത്തതിനാലും രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേർന്നതിനാലും സാമൂഹ്യവ്യാപനതത്തിലേക്ക് കാര്യങ്ങൾ എത്തി എന്ന് ഗവണ്മെന്റ് തന്നെ അറിയിച്ചു കഴിഞ്ഞു. മാലെ സിറ്റിയിൽ മാത്രം ഒരു ലക്ഷത്തോളം ആളുകൾക്ക് ബാധയേൽക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. മറ്റ് ദ്വീപുകളിലേക്ക് മരുന്നും ഭക്ഷണവും മറ്റ് ആവശ്യ സാമഗ്രികളും എത്തുന്നത് ഈ സിറ്റി വഴി മാത്രമാണ്. ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ ഗൗരവകരമാവുന്നത്. നിലവിൽ രാജ്യത്ത് ആശുപത്രി സംവിധാനങ്ങളുംമറ്റും തദ്ദേശീയരർക്ക് തന്നെ അപര്യാപ്തമാണ്. ഭക്ഷ്യ ആരോഗ്യ രംഗത്ത് സർക്കാർ എല്ലാ നിലയിലുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ദ പുലർത്തുന്നുണ്ടെങ്കിലും ദ്വീപുകളിലേക്ക് വ്യാപനം എത്തിച്ചേർന്നാൽ അനിയന്ത്രിതമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കടുത്ത പട്ടിണിയുടെ വരും ദിനങ്ങളെയും പ്രവാസികൾ ഭീതിയോടെ കാണുന്നു. മിഡിൽഈസ്റ്റ് രാജ്യങ്ങളോ യൂറോപ്പ്യൻ രാജ്യങ്ങളൊ ആയി ഇവിടുത്തെ സംവിധാനങ്ങളെ താരതമ്യം ചെയ്യാൻ പോലും സാധിക്കില്ല. സ്ഥിതി ഏറെ വ്യത്യസ്തമാണ്.
നിലവിൽ ഒരു മലയാളിക്ക് പോലും രോഗബാധ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇവരെ ഇപ്പോൾ നാട്ടിലെത്തിച്ചാൽ അത് സർക്കാരിനെയോ കൊ വിഡ് സംവിധാനങ്ങളെയോ യാതൊരു രീതിയിലും ബാധിക്കുകയില്ല. ആയതിനാൽ ഈ ഒറ്റപ്പെട്ടു കിടക്കുന്ന പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ദ ചെലുത്തുകയും സത്വരനടപടികൾ എടുക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. വ്യോമായന ഗതാഗതം അടഞ്ഞ് കിടക്കുന്നതിനാൽ ജലഗതാഗത്തിൻ്റെ സാധ്യത ആലോചിക്കാവുന്നതാണെന്ന് ഇവിടെത്തെ പ്രവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. മാലിദ്വീപ് പ്രവാസികളുടെ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നിവേദനം അയച്ചു.