കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറി സ്ഥാപിക്കുന്നു. കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ കോഴിക്കോടാണ് പൈതൃകത്തിന്റെ ഓര്‍മപ്പെടുത്തലുമായി ലൈബ്രറി അണിയറയില്‍ ഒരുങ്ങുന്നത്.
അറബി ഗ്രന്ഥങ്ങളുടെ അപൂര്‍വ്വമായ കയ്യെഴുത്ത് പ്രതികള്‍, ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഇസ്ലാമിക രചനകള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവയുടെ ശേഖരവും പ്രദര്‍ശനവും ഗവേഷണവും ലൈബ്രറിയില്‍ സാധ്യമാവും. പ്രവാചക കാലം മുതല്‍ തുടങ്ങുന്ന കേരളീയ മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍, കേരളീയപണ്ഡിതര് രചിച്ച അറബിക് ഗ്രന്ഥങ്ങള്‍, ഗ്രന്ഥങ്ങളുടെയും വിവിധ ഭാഷകളിലായുള്ള അവയുടെ പരിഭാഷകള്‍, മുസ്ലിം പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ഉപകരണങ്ങള്‍, കാലിഗ്രഫി, സുവനീറുകള്‍, സ്മരണികകള്‍, സമസ്തയുമായി ബന്ധപ്പെട്ട രേഖകള്തുടങ്ങിയവയും ഇതിന്റെ ഭാഗമായി ശേഖരിക്കും.
കേരള ഇസ്ലാമിക് ഹെറിറ്റേജ് ലൈബ്രറിയിലേക്ക് തങ്ങളുടെ അമൂല്യ ശേഖരങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക 9544270017.