ദേശീയ വിദ്യാഭ്യാസ പദ്ധതി: ബംഗാളില്‍ സര്‍വ്വെ തുടങ്ങി


കല്‍ക്കത്ത: എസ്.കെ.എസ്.എസ്.എഫ് ദേശീയ സമിതിയും ഫോര്‍വേഡ് ഫൗണ്ടേഷനും സംയുക്തമായി ദേശീയ തലത്തില്‍ നടത്തുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബീഗം പൂര്‍ ബീവി പൂര്‍ പഞ്ചായത്തില്‍ തുടങ്ങി. സമ്പൂര്‍ണ്ണ വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ പ്രഥമ കാല്‍വെപ്പായി ഗ്രാമതലവന്മാരുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗനവാടികള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. ജനുവരി ഇരുപത്തിയാറിന് മുമ്പായി പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സര്‍വ്വെ റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് പദ്ധതി. പഞ്ചായത്തില്‍ നിന്ന് അനുമതി കിട്ടുന്ന മുറക്ക് ഫെബ്രുവരി അവസാന വാരത്തോടെ എസ്.കെ.എസ്.എസ്.എഫ് ദേശീയ സംസ്ഥാന കമ്മറ്റികളുടെ സാനിധ്യത്തില്‍  പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്.കെ.എസ്.എസ്.എഫ് ദേശീയ സമിതി അംഗം മന്‍സൂര്‍ ഹുദവിയുടെയും ഫോര്‍വേഡ് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ശാലിക്കിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ അംഗനവാടി അധ്യാപകര്‍ക്കും ആശാ വര്‍ക്കേഴ്‌സിനും ശില്‍പശാല നടത്തി. യോഗത്തില്‍ മുന്‍ എം.എല്‍.എ. എ.ടി.എം അബ്ദുള്ള,  സുന്നി ഉലമ സംഘം നേതാവ് അബ്ദുല്‍ മത്തിന്‍ സാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിശ്ക്കരിക്കും.