കേരളത്തിൽ ഇനിയും മദ്യമൊഴുക്കരുത്: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: മദ്യത്തിന്റെ ലഭ്യത കുറച്ച് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ മദ്യം ഉദാരമാക്കാനുള്ള നീക്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ ധാർമികാന്തരീക്ഷത്തേയും നന്മയേയും നശിപ്പിക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻമാറണം. ഇപ്പോൾ പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യം ഉത്പാദിപ്പിച്ച് അതിന്റെ യൂണിറ്റുകൾ വ്യാപകമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനായി അബ്കാരി നിയമങ്ങളിൽ മാറ്റം വരുത്തി ലഹരി വസ്തുക്കളുടെ ഉത്പാദനം ഒരു കുടിൽ വ്യവസായമാക്കി വ്യാപിപ്പിക്കാനാണ് ശ്രമം. ഇത്തരം നീക്കങ്ങൾ സാംസ്കാരിക കേരളത്തെ നാശത്തിലേക്കാണ് എത്തിക്കുക – അവർ പറഞ്ഞു.
സർക്കാറിന്റെ ഇത്തരം താത്പര്യങ്ങൾക്ക് വേണ്ടി അക്കാദമിക മേഖലയെ ദുരുപയോഗം ചെയ്ത കാർഷിക സർവ്വകലാശാല നടപടി പ്രതിഷേധാർഹമാണ്. സാമുഹിക വികാസത്തിനും അക്കാദമിക മികവിനും മുന്നിൽ നിൽക്കേണ്ട സർവ്വകലാശാലകൾ പുതിയ തലമുറയെ വെല്ലുവിളിക്കുകയാണ് ചെയതിരിക്കുന്നത്. സമൂഹത്തിൽ ധാർമികതയും സദാചാരവും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഓരോ കേരളീയനും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.