കോഴിക്കോട്: മതങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും അവഹേളിക്കുന്ന സ്റ്റുഡൻസ് മാഗസിനുകൾക്ക് അനുമതി നൽകരുതെന്ന് എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിംഗ്.
വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള മാധ്യമമായ മാഗസിനുകൾ വിശ്വാസി സമൂഹത്തെ അവഹേളിക്കാനും അവമതിക്കാനും ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പൊതു പണം ഉപയോഗിച്ച് ഇറക്കുന്ന മാഗസിനുകളിൽ വിശ്വാസി സമൂഹങ്ങളെ വേദനിപ്പിക്കുന്ന തരത്തിൽ കവിതകളും കാർട്ടൂണുകളും മറ്റും ഉൾകൊള്ളിക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിന്റെ മതേതര മൂല്യങ്ങളെയും ജനാധിപത്യ മര്യാദകളെയും പുച്ഛിക്കുന്ന ഇത്തരം മാഗസിനുകൾ വിദ്യാർത്ഥി സമൂഹത്തിനാകെ നാണക്കേടാണ്.മാഗസിനുകളുടെ ചീഫ് എഡിറ്റർമാരായ സ്ഥാപനത്തിലെ ഉന്നതാധികാരികൾ ഈ വിഷയത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും, വിവാദത്തിലായ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂനിയൻ മാഗസിൻ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി അനുവദിച്ച ഫണ്ട് ബന്ധപ്പെട്ടവരിൽ നിന്നും തിരിച്ചുപിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ റഷീദ് മീനാർകുഴി, ശഹരി വാഴക്കാട്, യാസീൻ വാളക്കുളം, ജംഷീർ കാസർഗോഡ്, റിയാസ് വെളിമുക്ക്, ബാസിത് മുസ്ല്ലിയരങ്ങാടി, മുനീർ മോങ്ങം, ഫാരിസ് പഴയന്നൂർ, ഷാഫി പുലാമന്തോൾ എന്നിവർ പങ്കെടുത്തു.