കർമതലങ്ങളിൽ നവസംരംഭങ്ങളുമായി ട്രൈസനേറിയം :  വൻ വിജയമാക്കാൻ വ്യാപകമായ ഒരുക്കങ്ങൾ

കോഴിക്കോട്: നിലപാടുകളുടെ കരുത്ത്; വ്യതിയാനങ്ങളുടെ തിരുത്ത് എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് – ട്രൈസനേറിയം – വൻ ഒരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ നിന്ന് പ്രധാന പ്രവർത്തകരും പ്രസ്ഥാന ബന്ധുക്കളുമടക്കം ആയിരങ്ങളെത്തുന്ന പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒരു വർഷക്കാലം നടക്കുന്ന ആഘോഷ പരിപാടികളിൽ സംഘടനക്ക് കീഴിലുള്ള പതിനേഴ് ഉപവിഭാഗങ്ങളും ശ്രദ്ധയമായ പദ്ധതികൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ വ്യവസ്ഥാപിതമായി പൂർത്തിയാക്കും. അതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പദ്ധതികൾ ലക്ഷ്യമാക്കിയുള്ള സംരഭങ്ങൾ വാർഷികാഘോഷ കാലയളവിൽ പ്രവർത്തനമാരംഭിക്കും.
സമുഹത്തിൽ വളർന്നു വരുന്ന പുതു തലമുറയുടെ അഭിരുചിയനുസരിച്ച് ധാർമികതയിലൂന്നി പ്രവർത്തിക്കാവുന്ന വിപുലമായ സംഘടനാ ഘടനയാണ് ഇന്ന് എസ് കെ എസ് എസ് എഫിനുള്ളത്. അതിന് വേണ്ടി മത കലാലയങ്ങളിലും പൊതുവിദ്യാലയങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകം വിംഗുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. പ്രീ സ്കൂൾ മുതൽ ഉന്നത വിദ്യഭ്യാസ രംഗം വരെയുള്ള വിവിധ പദ്ധതികളിലായി സംഘടനക്ക് കീഴിൽ നിരവധി വിദ്യാർത്ഥികൾ പഠന, പരിശീലനങ്ങൾ നടത്തി വരുന്നുണ്ട്. ആദർശ പ്രചാരണം, സന്നദ്ധ സേവനം, ആതുരസേവനം, പ്രസംഗ, രചനാ പരിശീലനങ്ങൾ, സൈബർ ഇടപെടലുകൾ, സാംസ്കാരിക മേഖലയിൽ ഇടപെടുന്ന മനീഷ,  പ്രവാസി ക്ഷേമ പരിപാടികൾ, പുതിയ തലമുറയിലെ നേതൃമികവ് പരിശീലനത്തിന് വേണ്ടിയുള്ള ലീഡർ 2020 തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികളുടെ തുടർ പരിപാടികൾ ആഘോഷ കാലയളിൽ പ്രവർത്തനമാരംഭിക്കും.
ഫെബ്രുവരി 20 ന് വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം ദേശീയ പാതയോരത്ത് പ്രത്യേകം സംവിധാനിക്കുന്ന ട്രൈസ നേറിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും പോഷക ഘടകങ്ങളുടേയും പ്രമുഖ നേതാക്കൾ പങ്കെടുക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖ വ്യക്തിത്വങ്ങളുടെ പഠന പ്രഭാഷണങ്ങൾ നടക്കും.