SKSSF മുപ്പതാം വാര്‍ഷികത്തിന് ഒരുങ്ങുന്നു

പ്രഖ്യാപന മഹാസമ്മേളനം ഫെബ്രു.20ന്
 കോഴിക്കോട്: എസ് കെ എസ് എസ് എഫ് കര്‍മരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നതിന്റെ ആഘോഷ പരിപാടികള്‍ക്ക് ഒരുങ്ങുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗമായി 1989 ഫെബ്രുവരി 19നാണ് സംഘടന പിറവിയെടുക്കുന്നത്. മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ പതിനേഴ് ഉപവിഭാഗങ്ങളിലായി യുവജന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വിവിധങ്ങളായ ഇടപെടലുകള്‍ക്കുതകുന്ന വിപുലമായ സംഘടനാ ഘടനയാണ് ഇന്ന് എസ് കെ എസ് എസ് എഫിനുള്ളത്. മത കലാലയങ്ങളിലേയും പൊതു വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികളുടെ പഠന മികവിനും ധാര്‍മിക ശിക്ഷണത്തിനും വിവിധ വേദികളും പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. പ്രീ സ്‌കൂള്‍ മുതല്‍ സിവില്‍ സര്‍വ്വീസ് വരെയുള്ള പരിശീലനങ്ങള്‍ക്ക് ബൃഹത്തായ സംവിധാനങ്ങളും സ്ഥാപനങ്ങളും സംഘടന നേരിട്ട് നടത്തുന്നുണ്ട്. ആശയ പ്രചാരണം, ജീവകാരുണ്യം, ആതുരസേവനം, പ്രസാധനം, സൈബര്‍, കലാ സാഹിത്യ മേഖല തുടങ്ങി ഒട്ടേറെ തലങ്ങളില്‍ ഇടപ്പെടുന്ന സംഘടനക്ക് കേരളം, കര്‍ണാടക, തമിഴ്‌നാട്,അന്തമാന്‍ ,ലക്ഷദ്വീപ് സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ശാഖകളുണ്ട്. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ചാപ്റ്റര്‍ കമ്മിറ്റികളും ഗള്‍ഫ് ഘടകങ്ങളുമുണ്ട്. സംഘടനാ മുഖപത്രമായ സത്യധാര മലയാളം, കന്നഡ ഭാഷകളിലും വിദേശത്ത് ഗള്‍ഫ് സത്യധാരയും പ്രസിദ്ധീകരിച്ചു വരുന്നു.2019 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന മുപ്പതാം വാര്‍ഷികാഘോഷം 2020 ഫെബ്രുവരിയില്‍ അവസാനിക്കും. ഈ കാലയളവില്‍ എല്ലാ വിംഗുകളുടേയും വിവിധ പദ്ധതികള്‍ നടപ്പാക്കും.ഫെബ്രുവരി 20 ന് ബുധനാഴ്ച നാല് മണിക്ക്  പ്രഖ്യാപന മഹാ സമ്മേളനം കുറ്റിപ്പുറത്ത് നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.