കോഴിക്കോട്: മത-സാമുദായിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ തടയുന്നതിനുള്ള നീക്കം അവരുടെ മതവിശ്വാസ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വ്യക്തിയുടെ മൗലിക അവകാശങ്ങളുടെ ഭാഗമാണ് മത വിശ്വാസ സ്വാതന്ത്ര്യം. മത-സാമുദായിക പ്രവര്‍ത്തനങ്ങള്‍ ഈ മൗലിക അവകാശങ്ങളുടെ പരിധിയില്‍ പെട്ടതാണ്. കേരളത്തിലെ മത സാമുദായിക സഹിഷ്ണുതക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സേവന തത്പരരായ സര്‍ക്കാര്‍ ജീവനക്കാരുണ്ട്. വിദ്യാഭ്യാസ-സാമൂഹിക വികാസങ്ങള്‍ക്ക് അവരുടെ നേതൃപരമായ പങ്ക് വളരെ വലുതാണ്. വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാനുള്ള സംവിധാനം നിലവിലുണ്ടായിരിക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ തടയാനുള്ള നീക്കം അരങ്ങേറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കേരളത്തിലെ ആരോഗ്യപരമായ സാമുദായിക മുന്നേറ്റങ്ങളെ തടയാനുള്ള ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.