ഡിസംബര്‍ 6 : എസ് കെ എസ് എസ് എഫ് ഭരണഘടനാ സംരക്ഷണ ദിനം

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ഡിസംബര്‍ 6 ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തുന്നതിന് വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് രാജ്യത്തെ ലോകത്തിന് മുമ്പില്‍ അപമാനിച്ചു കൊണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. അന്നത്തെ പ്രധാനമന്ത്രി പള്ളി പുനര്‍നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പാക്കിയില്ല.മാത്രമല്ല ഇപ്പോള്‍  രാമക്ഷേത്ര നിര്‍മ്മാണ ആരവങ്ങള്‍ മുഴക്കി പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘ് പരിവാര്‍ അക്രമികളും അവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കുന്ന കേന്ദ്ര സര്‍ക്കാറും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്ന വിവിധ പരിപാടികള്‍ എസ് കെ എസ് എസ് എഫ് ജില്ലാ, ശാഖാ തലങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 6 ന് രാവിലെ മുതല്‍ ഭരണഘടന സംരക്ഷണ ദിനാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ വിശാലമായ കാന്‍വാസില്‍ ഒപ്പുവെക്കും. വൈകിട്ട് നടക്കുന്ന ‘ബാബ് രി സ്മരണ’ പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. രാത്രി 7 മണിക്ക് ശാഖാതലങ്ങളില്‍ പ്രാര്‍ത്ഥനാ സംഗമം നടക്കും.പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹബീബ്‌ഫൈസികോട്ടോപാടം, കുഞ്ഞാലന്‍ കുട്ടിഫൈസി, ഡോ.ജാബിര്‍ ഹുദവി,ശഹീര്‍ പാപ്പിനിശ്ശേരി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആഷിഖ് കുഴിപ്പുറം,ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, അഹമ്മദ് ഫൈസി കക്കാട്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍,ശഹീര്‍ അന്‍വരി പുറങ്ങ്, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ്, സുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്ക ശ്ശേരി, നിസാം കണ്ടത്തില്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു,