കോഴിക്കോട്: ജമ്മുവിലെ പെണ്‍കുട്ടിക്കെതിരെ നടന്ന നിഷ്ഠൂരമായ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു . സംഘ് പരിവാര്‍ അക്രമികള്‍ക്ക് തെരുവിലിറങ്ങാന്‍ അവസരം നല്‍കുന്ന പ്രകോപന ശൈലിയില്‍ നിന്ന് സമുദായത്തിന്റെ ലേബലില്‍ വരുന്ന തീവ്ര സംഘടനകള്‍ പിന്‍മാറണം. സംഘ് പരിവാറിനെതിരെ ബഹുജനങ്ങള്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ശൈഥില്യമുണ്ടാക്കുവാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളും മറ്റും മറയാക്കി സംഘ് പരിവാറിന് വേണ്ടി പ്രകോപിതരായ ആള്‍ക്കൂട്ടത്തെ ഇവര്‍ തെരുവിലിറക്കുകയാണ്. സമുദായ സൗഹാര്‍ദം തകര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് സാമൂഹ്യ ബഹിഷ്‌കരണം ഏര്‍പ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ‘ഇന്ത്യയെ ഇനിയും വിഭജിക്കരുത് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി മെയ് ഒന്ന് മുതല്‍ പത്ത് വരെ ദശദിന ബോധവത്കരണം നടത്തും. സംസ്ഥാന വ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ രാജ്യരക്ഷാ സദസ്സുകള്‍ സംഘടിപ്പിക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൗക്കത്തലി വെള്ളമുണ്ട, റഫീഖ് അഹമ്മദ്, മുസ്ഥഫ അഷ്‌റഫി, ഹാറൂന്‍ റഷീദ്, ഡോ ജാബിര്‍ ഹുദവി , ശഹീര്‍ പാപിനിശേരി, ഹാരിസ് ദാരിമി, സുബൈര്‍ മാസ്റ്റര്‍, ആഷിഖ് കുഴിപ്പുറം, ഡോ അബ്ദുല്‍ മജീദ്, ഫൈസല്‍ ഫൈസി, അഹമ്മദ് ഫൈസി, ഷഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍,നൗഫല്‍ വാകേരി, ഒ പി എം അഷ്‌റഫ് ,സുഹൈല്‍ വാഫി, സിദ്ദീഖ് അസ്ഹരി, ജലീല്‍ ഫൈസി, ഖാദര്‍ ഫൈസി, നിസാം കൊല്ലം, സുഹൈര്‍ അസ്ഹരി എന്നിവര്‍ പങ്കെടുത്തു. സത്താര്‍ പന്തലൂര്‍ സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു..