ഹോസ്പിറ്റലില്‍ കഴിയുന്ന അഫ്സലിന് ആദ്യ ഘട്ടം 25,000 രൂപ നല്‍കും
മനാമ: എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശനം സംഘടിപ്പിച്ചു.
“കരുണയുടെ നോട്ടം കനിവിൻറ സന്ദേശം” എന്ന സന്ദേശമുയര്‍ത്തി നടത്തിയ ആശുപത്രി സന്ദര്‍ശനം പ്രധാനമായും സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്.
മനാമയില്‍ മോഷ്ടാക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന അഫ്സല് അടക്കമുള്ള നിരവധി രോഗികളെ സംഘം സന്ദര്‍ശിച്ചു.
അഫ്സലിന് പ്രഥമ ഘട്ട സഹായമായി സംഘടനയുടെ സഹചാരി റിലീഫ് സെല്ലില്‍ നിന്നും 25000 രൂപ അനുവദിച്ചു. കൂടാതെ മറ്റു രോഗികളില്‍ നിന്നും അര്‍ഹരായവരെയെല്ലാം റിലീഫ് സെല്ലില്‍ ഉള്‍പ്പെടുത്തി വീല്‍ ചെയര്‍ അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കാനുള്ള സന്നദ്ധതയും സംഘം ഹോസ്പിറ്റല്‍ അധികൃതരെ അറിയിച്ചു.
ഓരോ രോഗിയെയും സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്നും പ്രാർത്ഥന നടത്തിയുമാണ് സംഘം മടങ്ങിയത്.
സമസ്ത ബഹറൈൻ കോഡിനേറ്റർ റബീഹ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിലായിരുന്നു ഹോസ്പിറ്റല്‍ സന്ദര്‍ശനം. ഭാരവാഹികളായ നവാസ് കുണ്ടറ, സജീർ പന്തക്കൽ, മുഹമ്മദ് മോനു, ജാഫർ കണ്ണൂര്‍ എന്നിവര്‍ക്കു പുറമെ മൗസൽ മൂപ്പൻ തിരൂര്‍, ആമിർ ഗുദൈബിയ, അഫ്സൽ ഗുദൈബിയ, മിദ്ഹാൻ ഗുദൈബിയ, അബ്ദുൽ സമദ് വയനാട്, ഖാലിദ് ഹാജി, ലത്വീഫ് തങ്ങൾ എന്നിവരടങ്ങുന്ന വിഖായ ടീം അംഗങ്ങളും കാരുണ്യ സന്ദര്‍ശനത്തില്‍ പങ്കാളികളായി.
നേരത്തെ ഹോസ്പിറ്റല്‍ സന്ദര്‍ശനത്തിനു മുന്‍പ് സ്ഥാപക ദിനാചരണത്തിന് പ്രാരംഭം കുറിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിന് ജന.സെക്രട്ടറി മജീദ് ചോലക്കോട് നേതൃത്വം നല്കി. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പതാകയുയര്‍ത്തി. സമസ്ത കേന്ദ്ര-ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളും സംബന്ധിച്ചു.