സംസ്ഥാന സര്‍ഗലയം കണ്ണൂര്‍ ജില്ല മുന്നേറുന്നു.

വടകര: എസ്.കെ.എസ്.എസ്.എഫ്. പതിനൊന്നാമത് സംസ്ഥാന സര്‍ഗലയം മല്‍സരങ്ങള്‍ വടകര കുഞ്ഞിപ്പള്ളിയില്‍ പുരോഗമിക്കുന്നു. രണ്ടാം ദിന പരിപാടികളില്‍ ദര്‍സുകള്‍, അറബിക് കോളേജുകള്‍, ക്യാംപസുകള്‍ ഉള്‍പ്പെട്ട സലാമ, കുല്ലിയ, ഹിദായ വിഭാഗങ്ങളില്‍ 255 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയാണ് മുന്നേറുന്നത്. 254 പോയിന്റ് നേടി മലപ്പുറം രണ്ടാമതെത്തിയത്. 184 പോയിന്റ് നേടിയ കാസര്‍ഗോഡ് മൂന്നാമത് സ്ഥാനത്തു മുന്നേറുന്നു. കോഴിക്കോട് 182,പാലക്കാട് 138, തൃശ്ശൂര്‍ 128, വയനാട് 79 എന്നിങ്ങനെയാണ് പോയിന്റ് നില. 71 മല്‍സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായത്. മല്‍സരങ്ങള്‍ ഇന്ന് വൈകുന്നേരം സമാപിക്കും.
ഇന്ന് രാവിലെ 9 മുതല്‍ വിഖായ പൊതു വിഭാഗം മല്‍സരങ്ങള്‍ തുടങ്ങും. 33 ഇനങ്ങളിലാണ് ഇന്നത്തെ മല്‍സരങ്ങള്‍. ദഫ് മുട്ട്, ദഫ് കളി ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങള്‍ ഇന്ന് പ്രധാന വേദികളില്‍ നടക്കും.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിഭകളുടെ ശ്രദ്ദേയമായ മല്‍സരങ്ങള്‍ക്ക് ഇന്ന് കുഞ്ഞിപ്പള്ളിയില്‍ വേദിയുണരും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ രാവിലെ പ്രതിഭകളെ അഭിവാദ്യം ചെയ്യാനെത്തും. വൈകിട്ട് സമാപന സംഗമം ഉദ്ഘാടനവും സമ്മാനദാനവും കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വിജയികള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ് മൗലവി, ബഷീര്‍ ഫൈസി ദേശമംഗലം, മുസ്തഫ അഷ്‌റഫി കക്കൂപ്പടി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ സി.പി.ശംസുദ്ദീന്‍ ഫൈസി, ഇസ്മായില്‍ ഹാജി അജ്മാന്‍, ആഷിഖ് കുഴിപ്പുറം, യു.എ.മജീദ് ഫൈസി ഇന്ത്യനൂര്‍, അമാനുല്ല റഹ്മാനി എന്നിവര്‍ സമ്മാന വിതരണം നടത്തി.

ഫോട്ടോ1. വടകര കുഞ്ഞിപ്പള്ളിയില്‍ നടക്കുന്ന എസ്.കെ.എസ്. എസ്. എഫ്. സംസ്ഥാന സര്‍ഗലയം മല്‍സരത്തില്‍ മല്‍സര ഫലം നിരീക്ഷിക്കുന്നവര്‍.

ഫോട്ടോ 2. വടകര കുഞ്ഞിപ്പള്ളിയില്‍ നടക്കുന്ന എസ്.കെ.എസ്. എസ്. എഫ്. സംസ്ഥാന സര്‍ഗലയം മല്‍സരത്തിലെ അറബിക് കാലിഗ്രാഫി മല്‍സരത്തില്‍ നിന്ന്.

ഫോട്ടോ. 3 എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിലെ രചനാ മല്‍സരങ്ങളില്‍ നിന്ന്.

………………………………………………………………………..

സംസ്ഥാന സര്‍ഗലയം വേദികളില്‍ ഇന്ന്
ഒന്നാം വേദി. സമൂഹ ഗാനം, ദഫ് മുട്ട്, ബുര്‍ദ പാരായണം,ദഫ് കളി.
രണ്ടാം വേദി. പടപ്പാട്ട്, അറബി ഗാനം, കവിതാലാപനം, ഭക്തിഗാനം.
മൂന്നാം വേദി. ഖിറാഅത്ത്, ക്വിസ് മല്‍സരം.
നാലാം വേദി. വാര്‍ത്താ വായന, ഇംഗ്‌ളിഷ് പദപ്പയറ്റ്.
അഞ്ചാം വേദി. പോസ്റ്റര്‍ രചന, ചിത്രരചന, മെമ്മറി ടെസ്റ്റ്, വാര്‍ത്താകുറിപ്പ്.

……………………………………………..

ചിട്ടയായ സംഘാടനവും രുചിയൂറുന്ന ആതിഥേയത്വവും.
കുഞ്ഞിപ്പള്ളി വീണ്ടും ചരിത്രമെഴുതുന്നു.
വടകര: സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ചരിത്രപ്പെരുമയും സ്‌നേഹ സാന്നിധ്യവും അനുഗ്രഹമൊരുക്കിയ കുഞ്ഞിപ്പള്ളിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിന് വിരുന്നെത്തിയ ആയിരകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആതിഥ്യമൊരുക്കി നാടിന്റെ സ്‌നേഹപ്പെരുമഴ. ഇന്നലെ രാവിലെ പ്രതിഭകളെ പ്രാതല്‍ വിരുന്നൂട്ടിയത് മഹല്ലിലെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ ഒരുക്കി തയാറാക്കി അയച്ച വിഭവങ്ങളുമായാണ്. സ്വാഗതസംഘം രൂപീകരിച്ചത് മുതല്‍ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് കുഞ്ഞിപ്പള്ളി പരിപാലന സംഘം ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ് പ്രാദേശിക ഘടകങ്ങളും ഒരുക്കിയത്. ദേശീയ പാതയോരത്തെ വാദീമുഖദ്ദസ് നഗരിയിലെത്താനും മല്‍സരങ്ങളില്‍ പങ്കെടുത്ത് മടങ്ങാനും മികച്ചസൗകര്യങ്ങളാണുള്ളത്. മൂന്നു വിഭാഗങ്ങളുടെ മല്‍സരങ്ങളും കഴിഞ്ഞ് സമ്മാനങ്ങളുമായി മടങ്ങിയ പ്രവര്‍ത്തകര്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് രണ്ടാം ദിനത്തില്‍ കുഞ്ഞിപ്പള്ളി വാദീ മുഖദ്ദസിനോട് വിട ചൊല്ലിയത്.