കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധവിഭാഗമായ വിഖായയുടെ വാര്‍ഷിക സേവന ദിനമായ ഒക്ടോബര്‍ 2 ന് സംസ്ഥാനത്ത് 100 സഹചാരി സെന്ററുകള്‍ തുടങ്ങാനാണ് പദ്ധതിയിട്ടത് 150 കവിഞ്ഞു. സംഘടനയുടെ വിവിധ ഘടകങ്ങളില്‍ നിന്ന് സെന്റര്‍ തുടങ്ങാന്‍ താല്പര്യം കാണിച്ച് കൂടുതല്‍ അപേക്ഷകരെത്തിയതാണ് എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. ഇതിന് പുറമെ കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും സഹചാരി സെന്റര്‍ തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
ആതുര സേവന രംഗത്ത് സ്ഥിരം ഓഫീസ് സംവിധാനവും പരിശീലനം ലഭിച്ച വിഖായ വളണ്ടിയര്‍മാരുടെ സേവനവും കേന്ദ്രത്തില്‍ ഉറപ്പുവരുത്തും. കൂടാതെ നിര്‍ധന രോഗികള്‍ക്കാവശ്യമായ വിവിധ ഉപകരണങ്ങള്‍, രോഗി പരിചരണം, മയ്യിത്ത് പരിപാലനം തുടങ്ങി വിപുലമായ സേവന പദ്ധതികളാണ് സഹചാരി സെന്ററിലൂടെ സൗജന്യമായി ലഭ്യമാക്കുക. കൂടാതെ സംഘടയുടെ വിവിധ റിലീഫ് പദ്ധതികളും സഹചാരി സെന്റര്‍ മുഖേന കൂടുതല്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ സൗകര്യമൊരുക്കും. സംസ്ഥാനത്തെ എല്ലാ സെന്ററുകളും ഒക്ടോബര്‍ രണ്ടിന് 4.30 നാണ് ഉദ്ഘാടനം നടക്കുക. സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ പെരുമണ്ണയില്‍ നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.
സഹചാരി സെന്റര്‍ കോഡിനേറ്റര്‍മാരുടെ സംസ്ഥാനതല ശില്പശാല സെപ്തംബര്‍ 30 ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും.