കോഴ്ക്കോട് : ഏകസിവില്‍ കോഡ് ശരീഅത്ത് നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹിമാന് പറയുന്ന പുതിയ വാദങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നിലപാട് വ്യക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഏകസിവില്‍ കോഡ് വാദവുമായി ഫാഷിസ്സുകള് സജീവ മായി രംഗത്തുള്ള ഈ സാഹചര്യത്തില്‍ തന്നെ അതിനനൂകൂലമായ വെളിപ്പെടുത്തലുകളില്‍ ദുരൂഹതയുണ്ട്. സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച് മാധ്യമങ്ങളോട് നടത്തിയ വിശദീകരണം ഖുര്‍ആനിക വിരുദ്ധവും ജമാഅത്തെ ഇസ്ലാമിപോലും ഇതുവരെ തുടര്‍ന്ന് വന്ന നിലപാടിന് എതിരുമാണ്.
ഇസ്ലാമിക വിജ്ഞാനീയങ്ങുളുടെ വികാസത്തിന് ആധികാരികത നല്കിയ കര്‍മശാസ്ത്രത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം സമുദായത്തിന്റെ പൊതു നന്മക്കെതിരെയുള്ള നീക്കമാണ്. രാജ്യത്തെ രാഷ്ടീയ ചുറ്റുപാടുകള്‍ക്കനുസരിച്ച് നിലനില്‍പ്പിന് വേണ്ടിയുള്ള നയമാറ്റങ്ങള്‍ ജമാഅത്തിന്റെ പാരമ്പര്യമായിരിക്കാം, അത് തുടരാവുന്നതുമാണ്. എന്നാല്‍ സമുദായത്തിന്റെ മത നിയമങ്ങളെ പൊളിച്ചെഴുതാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗം ഓര്‍മിപ്പിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുല്‍ റഹീം ചുഴലി, കെ.എന്‍.എസ് മൗലവി, മുസ്തഫ അഷ്റഫി കക്കുപ്പടി, അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, പ്രൊഫ ടി. അബ്ദുല്‍ മജീദ് കൊടക്കാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, ടി.പി സുബൈര്‍ മാസ്റ്റര്‍, ആഷിഖ് കുഴിപ്പുറം, ആര്.എം സുബ്ലുസ്സലാം, ശുഐബ് നിസാമി നീലഗിരി, ആരിഫ് ഫൈസി കൊടക്, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, വി.കെ ഹാറൂണ്‍ റഷീദ്, ആസിഫ് ദാരിമി പുളിക്കല്‍, വി.എച്ച് നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ബശീര്‍ ഫൈസി ദേശമംഗലം നന്ദിയും പറഞ്ഞു.