എസ്.കെ.എസ്.എസ്.എഫ് ‘അപ്‌ഡേറ്റ് 16’ ഏപ്രിലില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അടുത്ത രണ്ട് വര്‍ഷക്കാലം നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘അപ്‌ഡേറ്റ് -16’ എന്ന പേരില്‍ ജില്ലാ പ്രവര്‍ത്തക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ലീഡേഴ്‌സ് മീറ്റ് തീരുമാനിച്ചു. കര്‍മപദ്ധതി, പ്രവര്‍ത്തന കലണ്ടര്‍, സമീപന രേഖ എന്നിവയുടെ അവതരണവും പ്രമുഖര്‍ നയിക്കുന്ന ക്ലാസ്സുകളും നടക്കും. സംഘടനയുടെ കീഴിലുള്ള പതിനഞ്ച് വിംഗുകളുടെയും പ്രവര്‍ത്തന പദ്ധതികള്‍ക്ക് ലീഡേഴ്‌സ് മീറ്റ് അംഗീകാരം നല്‍കി. ഏപ്രില്‍ 20 ന് മുമ്പായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ശാഖാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും ഉപസമിതി ഭാരവാഹികളുമാണ് പങ്കെടുക്കുക.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ലീഡേഴ്‌സ് മീറ്റില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി സ്വീകരണം നല്‍കി. അബ്ദുറഹീം ചുഴലി അധ്യക്ഷത വഹിച്ചു. ബശീര്‍ ഫൈസി ദേശമംഗലം ക്ലാസെടുത്തു. ജില്ലാ ഭാരവാഹികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും പി.എം. റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.