ആലപ്പുഴ (വരക്കല്‍ നഗര്‍): വരക്കല്‍ മുല്ലക്കോയ തങ്ങളടക്കമുള്ള അവധൂതന്മാര് കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇതിഹാസം തീര്‍ത്ത തൊണ്ണൂറാം വാര്‍ഷിക മഹാസമ്മേളനത്തിനു കിഴക്കിന്റെ വെനീസില്‍ പ്രൗഢോജ്വല പരിസമാപ്തി. യാഥാസ്ഥിതികത്വത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലേറ്റി അങ്ങകലെ നഗരഗ്രാമാന്തരങ്ങളില്‍ നിന്നും ചെറു തോടായി, പുഴയായി എത്തി പിന്നെ അലകടലായി പരന്നൊഴുകിയ ജനലക്ഷങ്ങള്‍ ആലപ്പുഴയില്‍ മനുഷ്യ സാഗരം തീര്‍ത്തു. സമ്പന്നമായ പൈതൃകവും പാരമ്പര്യവും മുഖമുദ്രയാക്കി ആദര്‍ശ വിശുദ്ധിയുടെ ധവളശോഭ വിതറിയ ഒമ്പത് ദശാബ്ദത്തിന്റെ ഓര്‍മത്തണലില്‍ ഒത്തുചേര്‍ന്ന മനുഷ്യപാരാവാരം അഹ്ലുസുന്നയുടെ തുടര്‍ പ്രയാണത്തിനുള്ള ഊര്‍ജ്ജം ആവാഹിച്ചെടുത്താണു മടങ്ങിയത്. ആലപ്പുഴയിലേക്കുള്ള വഴികളെല്ലാം രാവിലെ തന്നെ പ്രവര്‍ത്തകരാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ലക്ഷങ്ങള്‍ക്ക് നഗരിയിലെത്താന്‍ കഴിയാതെ വഴിയില്‍ വച്ചു സമ്മേളനത്തിനു സാക്ഷികളായി മടങ്ങേണ്ടിവന്നു. മതനവീനവാദത്തിന്റെ വേരറുത്തു അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന്റെ അജയ്യത വിളിച്ചോതിയ ചതുര്‍ദിന പഠന കാംപിനു സമാപ്തിയായി നടന്ന മഹാ സമ്മേളനം മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണ അധ്യായം തുന്നിച്ചേര്‍ത്തു. അസ്തമയ സൂര്യന്റെ പ്രഭാകിരണങ്ങളുടെ വെളിച്ചത്തില്‍ അറബിക്കടലിനെ സാക്ഷിയാക്കി സുന്നീ പടയണിയുടെ ആവേശക്കടലില്‍ മുസ്ലിം കേരളത്തിന്റെ അഭിമാനതാരകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാസമ്മേളം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ എ.പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് എം.പി, കെ.സി വേണുഗോപാല്‍ എം.പി, എം.ടി അബ്ദുല്ല മുസ്ലിയാര്,പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്, സി.കെ.എം സ്വാദിഖ് മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, ജി.സുധാകരന് എം.എല്‍.എ, എ.എം ആരിഫ് എം.എല്‍.എ, തോമസ് ജോസഫ്, എ.എ ഷൂക്കൂര്‍, എ.എം നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രീസ്കൂള്‍ പദ്ധതിയായ ‘അല്‍ബിര്‍റ്’ പ്രഖ്യാപനം പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് നിര്‍വഹിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് സ്വാഗതം പറഞ്ഞു. ശൈഖ് ബൂത്തി ബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ത്തൂം – യു.എ.ഇ, മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി – യു.എ.ഇ, മാജിദ് അബ്ദുല്ല ഹസന് മാജിദ് – യു.എ.ഇ, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, സയ്യിദ് ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് കെനിയ, ശൈഖ് ഖത്താബ് ഖലീഫ കെനിയ,ശൈഖ് അബ്ദൂര്‍ ഇബ്ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് കെനിയ,ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദര്‍ അല്‍ ജീലി മദീന,ശൈഖ് ഹംദാന്‍ എന്നിവര്‍ സംബന്ധിച്ചു.