ആലപ്പുഴ : സമസ്ത 90 -ാം വാര്‍ഷിക സമ്മേളനത്തിന് ആലപ്പുഴയിലെ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ പ്രൗഢമായ ഒരുക്കങ്ങള്‍ തുടങ്ങി. ആദര്‍ശ വിശുദ്ധിയോടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള ക്യാമ്പില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള 25,000ത്തോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിനും അതോടനുബന്ധിച്ചുള്ള ക്യാമ്പിനും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ക്യാമ്പിനുവേണ്ടി മൂന്നുലക്ഷം ചതുരശ്ര അടി സ്ഥലത്താണ് കൂറ്റന്‍ ഓലപ്പന്തല്‍ കെട്ടുന്നത്.
സമസ്തയുടെ സ്ഥാപക പ്രസിഡന്റും മത-ഭൗതിക രംഗത്തെ അറിയപ്പെടുന്ന പണ്ഡിതനുമായ വരയ്ക്കല്‍ അബ്ദുറഹ്മാന് ബ അലവി മുല്ലക്കോയ തങ്ങളുടെ പേരാണ് സമ്മേളന നഗരിക്ക് നല്‍കിയിരിക്കുന്നത്. പരിപാടികളുടെ നിയന്ത്രണത്തിനായി മൂവായിരം വളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകും. ഇവര്‍ക്കുള്ള പരിശീലനം നല്‍കിക്കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. 1001 അംഗ സമിതിയാണ് സ്വാഗതസംഘത്തിലുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മുഖ്യ രക്ഷാധികാരി.