ലക്ഷദ്വീപ്: ദശദിന സമരം സമാപിച്ചു


ലക്ഷദ്വീപിൽ മനുഷ്യത്വപരമായി ഇടപെടണം: അബ്ബാസലി തങ്ങൾ

കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിൻ്റെ ക്രൂര നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തി വരുന്ന ദശദിന സമരം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ നടന്ന സമരത്തിനാണ് ഇന്നലെ സമാപനം കുറിച്ചത്. സമാപന സമര സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ ജനങ്ങളോട് മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുറസാഖ് ബുസ്താനി അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായ്, ടി.പി സുബൈർ മാസ്റ്റർ, ഒ.പി.എം അഷ്റഫ്, സാദിഖ് ഫൈസി താനൂർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും ശഹീർ ദേശമംഗലം നന്ദിയും പറഞ്ഞു.
ദശദിന സമരത്തിൻ്റെ ഭാഗമായി സംഘടന ജില്ലാ, മേഖല, ശാഖാ തലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സമരപരിപാടികൾ നടത്തിയിരുന്നു. എസ് കെ എസ് എസ് എഫ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ലക്ഷദ്വീപിൽ ആവശ്യത്തിന് ഭക്ഷണമെത്തിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ദ്വീപ് ജനതയുടെ പൈതൃകം തകർക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സംഘടന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണനയിലാണ്. ട്രൈബൽ വിഭാഗത്തിൽപ്പെട്ട ലക്ഷദ്വീപ് ജനതയുടെ പരിരക്ഷയ്ക്ക് ഇടപെടണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ഐക്യരാഷ്ട്രസഭക്ക് കത്ത് നൽകിയിട്ടുണ്ട്.