ലക്ഷദ്വീപ്: SKSSF ദശദിന സമരത്തിന് തുടക്കമായി


കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള
കേന്ദ്ര സർക്കാറിൻ്റെ ക്രൂര നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയിൽവെ സ്റ്റേഷന് മുൻവശം ദശദിന സമരം ആരംഭിച്ചു. ഒന്നാം ദിവസം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കേരളവും ലക്ഷദ്വീപും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്നും അവർക്ക് നീതി ലഭിക്കും വരെ കേരളം ഒറ്റക്കെട്ടായി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട്‌ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ആഷിഖ് കുഴിപ്പുറം, കെ.കെ. നാസിഹ് ലക്ഷദ്വീപ്, ബഷീർ ഫൈസി മാണിയൂർ, ഒ.പി.എം അഷ്റഫ് പ്രസംഗിച്ചു.
പത്ത് ദിവസം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന സമരത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും സംഘടനയുടെ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. സമരം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജില്ലാ, മേഖലാ, ശാഖ തലങ്ങളിൽ കൂടി പ്രതിഷേധ പരിപാടികൾ നടത്തും. വാർത്താ മാധ്യമ സംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത ലക്ഷദ്വീപിലെ ദയനീയാവസ്ഥകൾ മുഴുവനായി പുറത്തു വന്നിട്ടില്ല. മാധ്യമ ചർച്ചകൾ പുതിയ വിഷയങ്ങൾക്ക് വഴിമാറുമ്പോൾ ലക്ഷദ്വീപ് പ്രശ്നം സർക്കാറിൻ്റെയും ജനങ്ങളുടേയും ശ്രദ്ധയിൽ കൊണ്ട് വരികയാണ് സമരത്തിൻ്റെ ലക്ഷ്യം. സമരം സംഘടനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.