കോഴിക്കോട്: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ശാഖാതലങ്ങളിൽ ഫ്രീഡം സ്ക്വയർ നടത്തും. കഴിഞ്ഞ വർഷങ്ങളിൽ മേഖലാ തലത്തിൽ നടത്തിവന്നിരുന്ന പരിപാടി ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ലളിതമായി സംഘടിപ്പിക്കും. സ്വാതന്ത്ര്യം ; പോരാട്ടം അവസാനിക്കുന്നില്ല എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിന സായാഹ്നത്തിലാണ് പരിപാടി നടക്കുക. പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവ നടക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈൻ മുഖേനയാവും പരിപാടി നടക്കുക.
സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ രാജ്യം കടുത്ത വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും അതിനെ മറികടക്കാൻ ഭരണഘടനാ മൂല്യങ്ങളും രാഷ്ട്രത്തിന്റെ ഐക്യവും സംരക്ഷിക്കാൻ കഴിയണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പറഞ്ഞു. ഫ്രീഡം സ്ക്വയർ വൻ വിജയമാക്കാൻ സംഘടനാ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അവർ അഭ്യർത്ഥിച്ചു.