‘പ്രവാസികളെ കുരുതി കൊടുക്കരുത്’ ശക്തമായ പ്രക്ഷോഭവുമായി SKSSF

പ്രവാസികളുടെ മടക്ക യാത്രാ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നോർക്കാ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്യുന്നു.

തിങ്കളാഴ്ച കലക്ട്രേറ്റ് ധർണ്ണ

കോഴിക്കോട്: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നോർക്ക ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ നിലപാട് ദുരിതങ്ങളിൽ നിന്ന് രക്ഷതേടി നാടണയാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാവുകയാണെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ അഭിപ്രായപ്പെട്ടു. പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസ്സഹയാരായി നിൽക്കുന്ന സ്വന്തം ജനതയെ സാങ്കേതികത്വങ്ങൾ പറഞ്ഞ് മടക്കയാത്രക്ക് തടസ്സം നിൽക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇന്ത്യക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട് അധ്യക്ഷനായി. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി മുഖ്യ പ്രഭാഷണം നടത്തി.ശഹീർ ദേശമംഗലം, ജലീൽ ഫൈസി അരിമ്പ്ര, ഖാദർ ഫൈസി പാലക്കാട്, ശമീർ ഫൈസി ഒടമല, ഫൈസൽ ഫൈസി മടവൂർ, ജലീൽ മാസ്റ്റർ, അലി അക്ബർ മുക്കം, സലാം ഫറോക്ക് ,ആർ.വി അബൂബക്കർ യമാനി സംബന്ധിച്ചു.ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും ടി.പി സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോവാൻ എസ് കെ എസ് എസ് എഫ് അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 22 ന്  തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കലക്ടേറ്റുകൾക്ക് മുന്നിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ധർണ്ണ സംഘടിപ്പിക്കും. സമര പരിപാടികൾ വിജയിപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.