കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് നിരന്തരം സംഭാവനയർപ്പിക്കുന്ന പ്രവാസികളുടെ പുനരധിവാസത്തിലേക്ക് ആവശ്യമായ തുക ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാന സർക്കാർ നീക്കിവെക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സത്താർ പന്തലൂരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മടങ്ങി വരുന്നവരിൽ മഹാഭൂരിപക്ഷവും തൊഴിൽ നഷ്ടപ്പെട്ടവരായതിനാൽ അവർക്ക് ഫലപ്രദമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. ജീവിതം വഴിമുട്ടി പതിനായിരങ്ങൾ ജന്മനാട്ടിലേക്ക് തിരിച്ച് വരുന്നത് ഒരു ദുരന്തമാവാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കണം. കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമത്തിനായി സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുക, സംസ്ഥാന ബജറ്റിൽ പ്രവാസികൾക്കായി കൂടുതൽ തുക നീക്കിവെക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു.